Zygo-Ad

പൊള്ളുന്ന വില; കുത്തനെ ഉയര്‍ന്ന് മത്സ്യ, മാംസ വിപണി



കണ്ണൂർ: മത്സ്യ -മാംസങ്ങളുടെ വില കുതിച്ചുയരുന്നു .രണ്ടാഴ്ചക്കിടെ ചിക്കൻ 30 രൂപയും ബീഫിന് 60 രൂപയുമാണ് വർദ്ധിച്ചത്.

ഒരു കിലോ പോത്തിറച്ചിക്ക് മലബാർ മേഖലയില്‍ നാനൂറിനടുത്താണ് വില. കഴിഞ്ഞ മാസം 350 രൂപയ്ക്ക് ലഭിച്ചിരുന്നിടത്താണിത്. ജില്ലയിലെ മലയോരത്ത് ഈ മാസം ഒന്നു മുതല്‍ 460 രൂപയ്ക്കാണ് ചിലയിടങ്ങളില്‍ ബീഫ് വില്‍പ്പന നടത്തിയത്. 

എല്ലില്ലാത്ത ഇറച്ചിയാണ് മലയോരത്ത് കൂടുതലും ആവശ്യം വരുന്നത്. ഇതാണ് വില ഇത്രയധികം വർദ്ധിച്ചതെന്നാണ് കച്ചവടക്കാർ പറഞ്ഞു.

കർണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ഇറച്ചിക്ക് ആവശ്യമായ പോത്തുകളെ എത്തിച്ചിരുന്നത്. എന്നാല്‍ ഗോവധവുമായി ബന്ധപ്പെട്ടും മറ്റും ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പോത്തുകളുടെ വരവ് ഗണ്യമായി കുറഞ്ഞു. 

വ്യാപാരികള്‍ പാലക്കാട് നിന്നാണ് മാംസത്തിന് ആവശ്യമായ പോത്തുകളെ ഇറക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായിട്ട് ഇറച്ചിക്ക് ആവശ്യമായ പോത്തുകളെ ലഭിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. 

ഇത് മുതലാക്കി ഇടനിലക്കാർ വില വർദ്ധിപ്പിച്ച്‌ വൻ ലാഭം കൊയ്യുന്ന സാഹചര്യവുമുണ്ട്. വില താങ്ങാൻ സാധിക്കാതായതോടെ കോള്‍ഡ് സ്‌റ്റോറേജ് അടക്കമുള്ള ചില്ലറ വ്യാപാരികള്‍ പ്രതിസന്ധിയിലാണ്.

കിലോയ്ക്ക് 120-130 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിയിറച്ചിക്ക് പലിടത്തും 250 രൂപ വരെയായി വർദ്ധിച്ചു. ഫാമുകളിലെ കോഴി ഉത്പ്പാദനം കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണം. 

ചൂടു കാലത്ത് ഫാമുകളിലെ കോഴികുഞ്ഞുങ്ങള്‍ ചത്തൊടുങ്ങിയതും വില വർദ്ധനവിന് കാരണമായി പറയപ്പെടുന്നു. 

രണ്ടു കിലോയില്‍ താഴെ തൂക്കമുള്ള കോഴികളാണ് തമിഴ് നാട്ടില്‍ നിന്നും കൂടുതലെത്തുന്നത്. അഞ്ചു രൂപയുണ്ടായിരുന്ന മുട്ടയുടെ വില ആറു രൂപയിലെത്തി. 

മട്ടൻ കിലോയ്ക്ക് 900 ആണ് വില. കഴിഞ്ഞ വർഷം ജൂണിലും സംസ്ഥാനത്ത് ബീഫ് ,ചിക്കൻ വില വലിയ തോതില്‍ വർദ്ധിച്ചിരുന്നു. 260 മുതല്‍ 270 വരെയായിരുന്നു അന്ന് കോഴി ഇറച്ചിയുടെ വില . പോത്തിറച്ചിക്ക് 340 മുതല്‍ 360 രൂപ വരെയും നല്‍കേണ്ടി വന്നിരുന്നു.

പിടിച്ചാല്‍ കിട്ടാതെ മത്സ്യവില

പ്രതികൂല കാലവസ്ഥയും മറ്റും കൊണ്ട് കടലില്‍ പോകാൻ നിരോധനം ഏർപ്പെടുത്തിയതോടെയാണ് മത്സ്യത്തിന്റെ വില കുതിച്ചുയർന്നത്. ഈ ഓരോ ദിവസവും മീൻ വിലയില്‍ ഏറ്റകുറച്ചില്‍ ഉണ്ടാകുന്നുണ്ട്. 

മൂന്ന് ദിവസം മുമ്പ് ഒരു കിലോ അയലക്ക് 240 മുതല്‍ 350 വരെ വിലയുണ്ടായിരുന്നു. മത്തിക്ക് 240 മുതല്‍ 280 വരെയും മാന്തക്ക് റെക്കോർഡ് വിലയാണ്.

 അയക്കൂറ പല മത്സ്യ മാർക്കറ്റിലും കിട്ടാനില്ല. ട്രോളിംഗ് നിരോധനം കൂടി നിലവില്‍ വന്നതോടെ വില ഇനിയും വർദ്ധിക്കുമെന്നാണ് വിവരം.

മീൻ വില

അയല-240 260

മത്തി-200

ചെമ്മീൻ-360-400

കട്ല-280

അയക്കൂറ-1200-1300

സ്രാവ്-400-440

തെരണ്ടി-400

നത്തല്‍-200

വേളൂരി-280

മാന്ത-260

Previous Post Next Post