Zygo-Ad

വനത്തിനുള്ളിലോ പുറത്തോ പാമ്പ് കടിച്ച് മരിച്ചാല്‍ നാലു ലക്ഷം രൂപ നഷ്ടപരിഹാരം; തേനീച്ചയുടേയും കടന്നലിന്റെയും കുത്തേറ്റ് മരിച്ചാലും ഇതേ തുക നഷ്ടപരിഹാരം: പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ വരെ സഹായം

 


തിരുവനന്തപുരം: വനത്തിനുള്ളിലോ പുറത്തോ വച്ച് പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്താല്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായി ഇനി 4 ലക്ഷം രൂപ ലഭിക്കും. രണ്ട് ലക്ഷം ആയിരുന്ന തുകയാണ് സര്‍ക്കാര്‍ നാലു ലക്ഷമാക്കി ഉയര്‍ത്തിയത്. പരുക്കേല്‍ക്കുന്നവര്‍ക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെ ലഭിക്കും. ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് മുഴുവന്‍ തുകയും ഇനി അനുവദിക്കുക. നേരത്തേ വനം വകുപ്പാണ് നല്‍കിയിരുന്നത്.

മനുഷ്യ - വന്യജീവി സംഘര്‍ഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇത്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കുന്ന വ്യവസ്ഥയില്‍ മാറ്റമില്ല. ദുരന്ത പ്രതികരണനിധിയില്‍ നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുക. മുന്‍പ് വനം വകുപ്പാണ് മുഴുവന്‍ തുകയും നല്‍കിയിരുന്നത്.

ആക്രമണം ഉണ്ടാകുന്നത് വനത്തിനുള്ളില്‍ വച്ചായാലും പുറത്തായാലും സഹായധനം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. അംഗീകൃത മെഡിക്കല്‍ പ്രാക്ടിഷണര്‍ മരണം സാക്ഷ്യപ്പെടുത്തണം. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ഏര്‍പ്പെടവേ മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്കും സഹായം ലഭിക്കും. റേഞ്ച് ഓഫിസര്‍ ഇതു സാക്ഷ്യപ്പെടുത്തണം. മനുഷ്യ വന്യജീവി സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 7 മുതലാണ് പ്രാബല്യം.

Previous Post Next Post