കാസർകോഡ് വ്യാജ മയക്കുമരുന്ന് കേസിൽ യുവാക്കളെ അറസ്റ്റ് ചെയ്തതായി വിവരം. പോലീസ് പിടിച്ചെടുത്തത് എംഡിഎംഎ എന്ന് ആരോപിച്ചാണ് യുവാക്കളെ ജയിലിൽ അടച്ചത്. കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവർക്ക് ജയിലിൽ കിടക്കേണ്ടി വന്നത് 151 ദിവസമാണ്.
മാസങ്ങൾക്കിപ്പുറം ലാബ് പരിശോധനാ ഫലത്തിൽ പിടിച്ചത് മയക്കുമരുന്നല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവാക്കൾ ജയിൽ മോചിതരായത്. 2024 നവംബർ 26നാണ് കോഴിക്കോട് നിന്ന് ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്. പിന്നീട് നടക്കാവ് പോലീസിന് കൈമാറി കേസെടുക്കുകയായിരുന്നു.
മയക്കുമരുന്നാണെന്ന് പറഞ്ഞ് പിടികൂടിയത് സുഹൃത്ത് വീട്ടിലേക്ക് വാങ്ങിയ കൽക്കണ്ടമെന്ന് ജയിൽ മോചിതനായ ബിജു മാത്യു പറഞ്ഞു. കൽക്കണ്ടമാണെന്ന് പോലീസിനോട് നിരവധി തവണ പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. നാട്ടിൽ അപഹാസ്യനും ഒറ്റപ്പെട്ടവനും ആയെന്നും യുവാവ് പ്രതികരിച്ചു.