കയറിന്റെ പുത്തന്‍ സാധ്യതകളില്‍ സുപ്രധാനമാണ് കയര്‍ ഭൂവസ്ത്രം. നിരവധി മേഖലകളില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗ സാധ്യതകളെ കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിലും ഉദ്യോഗസ്ഥരിലും അവബോധം സൃഷ്ടിക്കുന്നതിന് കയര്‍ വികസന വകുപ്പ് കണ്ണൂര്‍ കയര്‍ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ശ്രദ്ദേയമായി.
പരിസ്ഥിതി സൗഹൃദപരമായ ഉല്‍പന്നമെന്ന നിലയില്‍ കയര്‍ ഭൂവസ്ത്രത്തെ പരിചയപ്പെടുത്തുകയായിരുന്നു ശില്പശാലയിലൂടെ. കയര്‍ വ്യവസായത്തെ നിലനിര്‍ത്തുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉല്‍പാദന വൈവിധ്യവല്‍ക്കരണമാണ് കയര്‍ വികസന വകുപ്പ് നടപ്പിലാക്കുന്നത്. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്തു.
പരമ്പരാഗതമായി പ്രാധാന്യമുള്ളതും പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതുമായ കയര്‍ മേഖലയെ സംരക്ഷിക്കാന്‍ വൈവിധ്യവല്‍ക്കരണം അത്യാവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷിക്കാന്‍ കയര്‍ ഉല്‍പന്നങ്ങള്‍ക്ക് കഴിയും. ഇതിലൂടെ കയര്‍ വ്യവസായത്തെ പരിപോഷിപ്പിക്കുവാനും തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കുവാനും സാധിക്കും. കയര്‍ ഭൂവസ്ത്ര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു ഇളയാവൂര്‍ അധ്യക്ഷനായിരുന്നു. എം ജി എന്‍ ആര്‍ ഇ ജി എസ് കണ്ണൂര്‍ ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജയ്‌സണ്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും കയര്‍ വ്യവസായ മേഖലയും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇരുമേഖലകള്‍ക്കും ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് എംജിഎന്‍ആര്‍ഇജിഎസ് ജില്ലാ എഞ്ചിനീയര്‍ സി.ആര്‍ ആതിര കയര്‍ ഭൂവസ്ത്ര വിതാനവും തൊഴിലുറപ്പ് പദ്ധതിയും എന്ന വിഭാഗത്തില്‍ ക്ലാസെടുത്തു. കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങളെ കുറിച്ചും വരമ്പു നിര്‍മ്മാണത്തിനും റോഡുകളുടെയും നീര്‍ച്ചാലുകളുടെയും സംരക്ഷണത്തിനും കുളങ്ങളുടെ പാര്‍ശ്വഭിത്തി സംരക്ഷണത്തിനും കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നത് സംബന്ധിച്ചും അവര്‍ വിശദീകരിച്ചു.
കയര്‍ ഫെഡ് ജിയോ ടെക്‌സ്‌റ്റൈല്‍സ് ടെക്‌നികല്‍ കണ്‍സള്‍ട്ടന്റ് എന്‍.ആര്‍ അനില്‍കുമാര്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതിക വശങ്ങളെ കുറിച്ച് ക്ലാസെടുത്തു. കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന്റെ രീതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കുളങ്ങളുടെ പാര്‍ശ്വഭിത്തി നിര്‍മ്മാണങ്ങള്‍ക്കും വരമ്പ് നിര്‍മാണങ്ങള്‍ക്കും കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദവും പരിസ്ഥിതി സൗഹാര്‍ദ്ദ പരവുമാണെന്ന് എന്‍.ആര്‍ അനില്‍കുമാര്‍ പറഞ്ഞു.
പരിപാടിയില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ഭൂവസ്ത്രവിതാനം നടത്തിയ പഞ്ചായത്തുകളായ വേങ്ങാട്, പിണറായി, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തുകള്‍ക്ക് ഉപഹാരം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, കണ്ണൂര്‍ പ്രോജക്ട് ഓഫീസര്‍ (കയര്‍) തോമസ് ചാക്കോ, പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജോണ്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 250 ഓളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.