മാലൂർ: തൃക്കടാരിപ്പൊയിലിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേർക്ക് ഞായറാഴ്ച തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവർ കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ ഗവ. ആസ്പത്രികളിൽ ചികിത്സ തേടി. ചെമ്മരത്തിൽവെച്ച് കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ എട്ടാം തരം വിദ്യാർഥി ആദിലിന്റെ (13) കാലിനും ദേഹത്തും നായ കടിച്ചു.
പനമ്പറ്റയിൽ പരപ്രത്ത് സജി (42), തൃക്കടാരിപ്പൊയിൽ ടൗണിൽനിന്ന് പൊയിൽ ഇബ്രാഹിം (54), പരേതനായ മര്യാടൻ അഷ്റഫിന്റെ മകൾ ഷർഫിയ( 19), വെള്ളേൻ മനോഹരൻ (65) എന്നിവർക്കും നായയുടെ കടിയേറ്റു. തോലമ്പ്ര യു.പി. സ്കൂൾ വിദ്യാർഥി പാലക്കി സിയാദ് (12), ചെമ്മരത്തെ പൊയിൽ സുലൈമാൻ (42) എന്നിവർക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്.
സ്കൂളിൽ പോകുന്ന വിദ്യാർഥികളെ രക്ഷിതാക്കൾ ഉൾപ്പെടെ എല്ലാവരും ശ്രദ്ധിക്കണമെന്ന് പഞ്ചായത്തംഗം എൻ. സഹദേവൻ അറിയിച്ചു. കഴിഞ്ഞ ദിവസം മാലൂരിൽ മുറ്റമടിച്ചു കൊണ്ടിരിക്കെ വീട്ടമ്മയെ തെരുവുനായ ആക്രമിച്ചിരുന്നു.