Zygo-Ad

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോയ ഹാജിമാർ വിശുദ്ധ ഹജ്ജ് കർമം കഴിഞ്ഞ് ഇന്ന് മുതൽ തിരിച്ചെത്തും

കേരളം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോയ ഹാജിമാർ വിശുദ്ധ ഹജ്ജ് കർമം കഴിഞ്ഞ് ഇന്ന് മുതൽ തിരിച്ചെത്തും. കരിപ്പൂർ പുറപ്പെടൽ കേന്ദ്രം വഴി പോയവരുടെ മടക്കയാത്രയാണ് ഇന്ന് ആരംഭിക്കുന്നത്. ആദ്യ വിമാനം വൈകിട്ട് 3.25ന് കരിപ്പൂരിലെത്തും. 166 ഹാജിമാരാണ് ആദ്യ വിമാനത്തിൽ തിരിച്ചെത്തുക. എയർ ഇന്ത്യ എക്‌സ്പ്രസ്സിനാണ് കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാ കരാർ. രണ്ടാമത്തെ സംഘം ഇന്ന് രാത്രി 8.25ന് എത്തും.

കരിപ്പൂരിന് പുറമെ കണ്ണൂർ, കൊച്ചി പുറപ്പെടൽ കേന്ദ്രങ്ങൾ വഴിയുള്ളവരുടെ മടക്കയാത്ര ഈ മാസം പത്ത് മുതലാണ് ആരംഭിക്കുക. സഊദി എയർലൈൻസ് വിമാനങ്ങളാണ് ഈ രണ്ട് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നും യാത്ര നടത്തുന്നത്. കണ്ണൂരിലെ ആദ്യ മടക്ക വിമാനം ഉച്ചക്ക് 12നും കൊച്ചിയിലെ ആദ്യ മടക്ക വിമാനം കാലത്ത് 10.35നു മാണ് എത്തുക. കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുമായി 18,200 പേരാണ് ഈ വർഷം വിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെട്ടത്. ഇവരിൽ 7,048 പേർ പുരുഷന്മാരും 10,792 പേർ സ്ത്രീകളുമാണ്. ഇതര സംസ്ഥാനത്ത് നിന്നുള്ള 280 ഹാജിമാരും ഇവരിൽ ഉൾപ്പെടും.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 17,920 പേർക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പേർക്ക് ഹജ്ജിന് അവസരം ലഭിച്ചത് ഈ വർഷമാണ്. കേരളത്തിലേക്ക് മൊത്തം 89 വിമാനങ്ങളാണ് ഹാജിമാരെയും വഹിച്ച് തിരിച്ചെത്തുക. കരിപ്പൂരിലേക്ക് 64ഉം കണ്ണൂരിലേക്ക് ഒമ്പതും കൊച്ചിയിലേക്ക് 16ഉം വിമാനങ്ങളാണുണ്ടാകുക. 22ന് ഹാജിമാരുടെ മടക്കയാത്ര അവസാനിക്കും.

ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ട്രെയിനർമാർ കരിപ്പൂരിൽ ഹാജിമാരെ സ്വീകരിക്കും. സർക്കാർ ജീവനക്കാരടങ്ങുന്ന 17 അംഗ ഹജ്ജ് സെൽ മടങ്ങിയെത്തുന്ന ഹാജിമാരുടെ ലഗേജ്, സംസം വിതരണം തുടങ്ങിയ കാര്യങ്ങൾക്ക് നേതൃത്വം നൽകും.

Previous Post Next Post