കണ്ണൂർ ,: ഈ മാസം 6 മുതല്‍ 9 വരെ തുടർച്ചയായ ദിവസങ്ങളില്‍ റേഷൻ കടകള്‍ അടഞ്ഞു കിടക്കും. സ്റ്റോക്ക് തിട്ടപ്പെടുത്തല്‍ പ്രമാണിച്ച് 6ന് കടകള്‍ തുറക്കില്ല.
7ന് ഞായർ. 8നും 9നും വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും അടച്ച് സമരം ചെയ്യും.
ജൂണ്‍ 19ന് സി.ഐ.ടി.യു ഉള്‍പ്പെട്ടെ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതിയുടെ സമരം പ്രഖ്യാപിച്ചപ്പോള്‍ എ.ഐ.ടി.യു.സി വിട്ടു നിന്നിരുന്നു. കടയടച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ 48 മണിക്കൂർ രാപ്പകല്‍ സമരം നടത്താനാണ് സംയുക്ത റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാനം. എട്ടിന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനുവും ജനറല്‍ സെക്രട്ടറി പി.ജി. പ്രിയൻകുമാറും അറിയിച്ചു.
അതേസമയം ജൂണിലെ റേഷൻ വിതരണം ജൂലായ് 5 വരെ നീട്ടി. സ്റ്റോക്ക് തിട്ടപ്പെടുത്തല്‍ 6നായിരിക്കും. ജൂലായിലെ റേഷൻ വിതരണം 8 മുതല്‍ ആരംഭിക്കും.