കണ്ണൂർ: വയനാട് ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിൽ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 30ന്. നാലിനു തുടങ്ങിയ നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. 31നാണ് ഫലപ്രഖ്യാപനം.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആറു മുനിസിപ്പാലിറ്റി വാർഡുകളിലും 38 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. ഇതിൽ 24 എണ്ണം എൽഡിഎഫിന്റെയും 19 എണ്ണം യുഡിഎഫിന്റെയും സിറ്റിങ് സീറ്റുകളാണ്. നാലെണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റാണ്.
എസ്‌ഡിപിഐക്കും വെൽഫെയർ പാർടിക്കും ഓരോന്നു വീതവും. തെരഞ്ഞെടുപ്പുഫലം പതിനൊന്ന് തദ്ദേശസ്ഥാപനങ്ങളിലെ ഭരണത്തെ ബാധിക്കും. ഇടുക്കി തൊടുപുഴ നഗരസഭയിലെയും പത്തനംതിട്ട ചിറ്റാർ, കൊല്ലം തൊടിയൂർ, ശൂരനാട് തെക്ക്, പൂയപ്പള്ളി, പാലക്കാട് തച്ചമ്പാറ, മങ്കര, ഇടുക്കിയിലെ അറക്കുളം, ആലപ്പുഴ മാന്നാർ, തൃശൂർ പാവറട്ടി, തിരുവനന്തപുരം പെരിങ്ങമ്മല എന്നി പഞ്ചായത്തുകളിലെയും ഭരണത്തെയാണ് തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കുക.