ധർമ്മടം :ഏറെ പ്രതീക്ഷകളോടെയാണ് ധർമ്മടത്തുകാരൻ വാഴയില്‍ വീട്ടില്‍ വിശ്വാസ് കൃഷ്ണ എട്ട് മാസം മുൻപ് കുവൈറ്റിലെ മംഗെഫില്‍ ഡ്രാഫ്റ്റ്സ് മേനായി ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കെത്തിയത്.നാട്ടിലെന്നപോലെ തൊഴിലിടത്തിലും താമസ സ്ഥലത്തുമെല്ലാം വിശ്വാസ് പ്രിയപ്പെട്ടവനായിരുന്നു.തലേ ദിവസം പതിവ് പോലെ ഭാര്യയെ ഫോണില്‍ വിളിച്ച് ഏറെ സംസാരിച്ചിരുന്നു.അഗ്നിബാധയെക്കുറിച്ചുള്ള വിവരമറിഞ്ഞപ്പോള്‍ വീടിനത് ഇടിത്തീ പോലെയായി. വിശ്വാസ് ദുരന്തത്തിനിരയായെന്നത് നാട്ടുകാർക്ക് വിശ്വസിക്കാൻ പോലുമാവുന്നില്ല. ടി.വി.യില്‍ ദുരന്ത വാർത്ത കാണുമ്പോഴും അതില്‍ വിശ്വാസ് ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. കുവൈത്തില്‍ നിന്ന് വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ദുരന്തം നാട്ടിലറിഞ്ഞത്.
നേരത്തെ ബാംഗ്ളൂരില്‍ വർഷങ്ങളോളം ജോലി ചെയ്തിരുന്ന വിശ്വാസ് പ്രവാസിയായിരുന്ന പിതാവ് കൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. അച്ഛൻ മരിച്ചതിന് ശേഷവും നാട്ടില്‍ തന്നെയായി. പിന്നീട് ഗള്‍ഫില്‍ ജോലി തരപ്പെട്ടതിന് ശേഷമാണ് ഏറെ പ്രതീക്ഷകളോടെ നാടുവിട്ടത്.പഠന കാലത്തു തന്നെ ഫുട്ബാള്‍, വോളി, ക്രിക്കറ്റ് എന്നിവയിലെല്ലാം മികവ് തെളിയിച്ചിരുന്നു ഈ ചെറുപ്പക്കാരൻ.നാട്ടില്‍ ഏത് ചടങ്ങുകളിലും വിശ്വാസ് നിറഞ്ഞ് നില്‍ക്കും. വലിയ ഒരു സുഹ്യദ് വലയം തന്നെ വിശ്വാസിനുണ്ടായിരുന്നു.അണ്ടല്ലൂർ ഉത്സവക്കാലം തുടങ്ങിയാല്‍ പിന്നെ വിശ്വാസിയായ ഈ ചെറുപ്പക്കാരൻ വ്രതം നോറ്റ് അവിടെ തന്നെയായിരിക്കും.നാട്ടിലെ ഏത് കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഈ ചെറുപ്പക്കാരന്റെ മരണം ദേശത്തെയാകെ കണ്ണീരിലാഴ്ത്തി.ഭാര്യ പൂജ കൊടുവള്ളി നിട്ടുർ പോസ്റ്റാഫീസിലെ ജീവനക്കാരിയാണ്.
#tag:
Kannur