Zygo-Ad

കണ്ണൂർ നഗരത്തിലെ മൾട്ടിലെവൽ പാർക്കിങ്: നാലുവർഷമായിട്ടും നോ പാർക്കിങ്.

കണ്ണൂർ:നഗരമധ്യത്തിൽ നോക്കുകുത്തികളായി രണ്ട് കെട്ടിടങ്ങൾ. കോടികൾ മുടക്കി പണിത രണ്ട് മൾട്ടിലെവൽ പാർക്കിങ് കേന്ദ്രങ്ങൾ. ആർക്കും ഉപകാരമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സാങ്കേതികപ്രശ്നം, അടങ്കൽ പുതുക്കൽ, സർക്കാർ അനുമതി എന്നിങ്ങനെ തടസ്സങ്ങൾ പലതും പലഘട്ടങ്ങളിലായി കേട്ടു. ഏപ്രിലിൽ പണി പൂർത്തിയാക്കി മേയ് മാസം ഉദ്ഘാടനമെന്ന അധികൃതരുടെ പാഴ് വാക്കും കേട്ടു.

എന്നാൽ, വർഷമിത്രയായിട്ടും ഉദ്ഘാടനം പറഞ്ഞ മേയ് മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. വൈദ്യുതീകരണ പ്രവൃത്തി മാത്രമാണ് ബാക്കിയെന്ന പതിവുപല്ലവിയാണ് മറുപടി. ഇതിന് സർക്കാർ അനുമതി ലഭിച്ചിട്ടും തുടർനടപടിയായിട്ടില്ല.

കണ്ണൂർ സ്റ്റേഡിയം കോർണറിലും ഫോർട്ട്‌റോഡിലെ എസ്.ബി.ഐ.ക്ക് സമീപവുമാണ് രണ്ട് മൾട്ടിലെവൽ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയത്. സ്റ്റേഡിയത്തിനടുത്ത് ഏഴുനിലകളിലായി 106 കാറുകൾക്കും നാലുനിലകളിലായി 32 കാറുകൾക്കും ഒരേസമയം നിർത്തിയിടാനാവും. മൾട്ടിലെവൽ പാർക്കിങ് കേന്ദ്രത്തിന് ചുറ്റും സമീപത്തെ ബസ് സ്റ്റോപ്പിന് മുന്നിലുമെല്ലാമായാണ് വാഹനങ്ങൾ നിർത്തിയിടുന്നത്.
നാലുവർഷമായിട്ടും തീരാത്ത പണി

: നഗരത്തിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ 2020-ലാണ് കോർപ്പറേഷൻ മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം നിർമിക്കാൻ തീരുമാനിച്ചത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 11 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമാണം. സ്ഥലം കണ്ടെത്താൻ ഏറെ സമയമെടുത്തു.

സാങ്കേതികപ്രശ്നവും കോവിഡും കാരണം നിർമാണപ്രവർത്തനം ഏറെക്കാലം നിലച്ചു. പിന്നീട് 2023-ൽ നിർമാണം പൂർത്തിയാക്കി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുകയും ചെയ്തു. പക്ഷേ, ഉദ്ഘാടനം നടത്താനായില്ല.

പുതുക്കിയ അടങ്കലിന് അനുമതി

: വൈദ്യുതീകരണ പ്രവൃത്തി പൂർത്തിയാക്കാനാവാത്തതായിരുന്നു തടസ്സം. 2018-ലാണ് പദ്ധതിയുടെ അടങ്കൽ തയ്യാറാക്കിയത്. എന്നാൽ, പ്രവൃത്തി നീണ്ടതോടെ പഴയ അടങ്കൽത്തുകയ്ക്ക് നിർമാണം നടത്താനാവാത്ത അവസ്ഥയായി. ആറുവർഷത്തിനിടെ ഉപകരണങ്ങളുടെ വില കുത്തനെ കൂടി.

തുടർന്ന് അടങ്കൽ പുതുക്കി സർക്കാരിന് സമർപ്പിച്ച് അംഗീകാരം നേടി. മേയ് മാസത്തോടെ നിർമാണം പൂർത്തിയാക്കുമെന്ന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും സൂപ്രണ്ടിങ് എൻജിനീയറും അന്ന് പറഞ്ഞിരുന്നു.

Previous Post Next Post