കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് കൊട്ടിയൂരില്‍ ഇന്നലെ അനുഭവപ്പെട്ടത് വൻ ഭക്തജനത്തിരക്ക്. ഇന്ന് സ്കൂള്‍ തുറക്കുന്നതിനാല്‍ അവധി ദിവസം കൂടിയായ ഇന്നലെ കൊട്ടിയൂരിലേക്ക് പതിനായിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി ഒഴുകിയെത്തിയത്.
ഭക്തജനത്തിരക്കില്‍ മണിക്കൂറുകളോളം കാത്തു നിന്ന ശേഷമാണ് പലർക്കും ദർശനം ലഭിച്ചത്.
പുലർച്ചെ മൂന്നു മണിയോടെ തന്നെ തിരുവഞ്ചിറയും പരിസരങ്ങളും ഭക്തരെക്കൊണ്ട് നിറഞ്ഞു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ക്യൂ മന്ദംചേരി പാലം വരെയും പടിഞ്ഞാറെ നടയില്‍ ഇടബാവലി വരെയും നീണ്ടു. മഴ മാറി നിന്നതിനാല്‍ കത്തുന്ന വെയിലിനെപ്പോലും അവഗണിച്ചാണ് ഭക്തജനങ്ങള്‍ മണിക്കൂറുകളോളം ദർശനത്തിനായി കാത്തുനിന്നത്. ഇതിനിടയില്‍ തലകറങ്ങിയും ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെയും തുടർന്ന് ചില സ്ത്രീകളും കുട്ടികളും വൈദ്യസഹായം തേടി. തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം വളണ്ടിയർമാർക്കും പൊലീസിനും ഏറെ പണിപ്പെടേണ്ടി വന്നു. വൈകുന്നേരത്തോടെയാണ് തിരക്കിന് നേരിയ കുറവുണ്ടായത്.
കൊട്ടിയൂരിലേക്ക് ഭക്തർ ഒഴുകിയെത്തിയതോടെ രാവിലെ 7 മണി മുതല്‍ മലയോര ഹൈവേയില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അധികൃതർ ഇടപെട്ടതിനാല്‍
ഉച്ചകഴിഞ്ഞതോടെ തടസം നീങ്ങി.
പണിപൂർത്തിയായില്ലെങ്കിലെന്താ, റോഡ് പൊളി
കഴിഞ്ഞ വർഷം മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്കും തടസ്സവും ഉണ്ടായതിനെത്തുടർന്ന് പാർക്കിംഗിനായി ദേവസ്വം വിപുലമായ സൗകര്യം ഒരുക്കിയിരുന്നത് ഭക്തജനങ്ങള്‍ക്ക് വളരെ പ്രയോജനപ്പെട്ടിരുന്നു. എന്നാല്‍ റോഡിലെ തിരക്ക് കുറഞ്ഞില്ല. തിരക്ക് കുറയ്ക്കാൻ വേണ്ടി കൊട്ടിയൂർ സമാന്തര റോഡിന്റെ പണികള്‍ ഉത്സവത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞെങ്കിലും പണികള്‍ പൂർത്തിയായില്ല. നീണ്ടുനോക്കി ടൗണിന് സമീപം ബാവലിപ്പുഴയില്‍ നിർമ്മിച്ച പാലത്തിന്റെ പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ പണികളും പൂർത്തീകരിച്ചില്ല. മഴയില്‍ റോഡ് ചെളിക്കുളമായതോടെ ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്യാതിരുന്നതിനാല്‍ നീണ്ടുനോക്കി പാലത്തിലൂടെയും സമാന്തര റോഡിലൂടെയും ചെറുവാഹനങ്ങള്‍ കടത്തിവിട്ടാണ് ഗതാഗതകുരുക്കിന് പരിഹാരം കണ്ടത്.