Zygo-Ad

കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന

കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകളില്‍ അവസാനത്തേതായ രോഹിണി ആരാധന നാളെ നടക്കും. ആരാധനാ പൂജയുടെ ഭാഗമായി പൊന്നിൻ ശീവേലി, ആരാധനാ സദ്യ, പാലമൃത് അഭിഷേകം എന്നിവ നടത്തും.

സന്ധ്യയ്ക്കാണ് പാലമൃതഭിഷേകവും കളഭാഭിഷേകവും. പാലമൃത് അഭിഷേകത്തിനുള്ള പഞ്ചഗവ്യം കൊട്ടിയൂരില്‍ തന്നെയാണ് തയ്യാറാക്കുന്നത്. കോട്ടയം പടിഞ്ഞാറേ
കോവിലകത്ത് നിന്ന് നല്‍കുന്ന പൂജാ വസ്തുക്കളാണ് രോഹിണി നാള്‍ ആരാധനാ പൂജയ്ക്ക് ഉപയോഗിക്കുന്നത്.

രോഹിണി ആരാധനയിലെ സുപ്രധാന ചടങ്ങ് കുറുമാത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലിയാണ്. ആലിംഗന പുഷ്പാഞ്ജലി സമയത്ത് പ്രദക്ഷിണ വഴിയായ തിരുവഞ്ചിറയില്‍ ആർക്കും ഇറങ്ങാൻ അനുവാദമില്ല.

ഓച്ചറും സംഘവും നടത്തുന്ന വിശേഷ വാദ്യങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രോച്ചാരണങ്ങളോടെ തുളസി കതിരും ജലവും അർപ്പിച്ച ശേഷം സ്വയംഭൂ വിഗ്രഹത്തെ ആലിംഗനം ചെയ്തു നടത്തുന്ന പൂജയാണ് ആലിംഗന പുഷ്പാഞ്ജലി.

Previous Post Next Post