കണ്ണൂർ : ഭക്ഷണത്തിലും കുടിവെള്ളത്തിലും കലരുന്ന പ്ലാസ്റ്റിക് സൂക്ഷ്മ കണങ്ങൾ ശരീരത്തിന്റെ സ്വഭാവിക പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നത് വർധിക്കുന്നതായി പഠനം. പ്ലാസ്റ്റിക് ബോട്ടിലുകളിലും കണ്ടെയ്‌നറുകളിലും ഉപയോഗിക്കുന്ന വ്യാവസായിക രാസവസ്തുവായ ബിപിഎ (ബിസ്ഫിനോള്‍ എ) യാണ് വില്ലൻ.
പ്ലാസ്റ്റിക് പാത്രങ്ങളിൽ അടങ്ങിയിരിക്കുന്ന ഈ ഘടകങ്ങൾ പ്രതിരോധ ഹോര്‍മോണ്‍ സന്തുലനം തടസപ്പെടുത്തുകയും പ്രമേഹസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ 2024ലെ സയന്‌റിഫിക് സെക്ഷനില്‍ അവതരിപ്പിച്ച പഠനത്തിലാണ് മുന്നറിയിപ്പ്.
ബിപിഎ സ്വഭാവിക ഇന്‍സുലിനോടുള്ള സംവേദനക്ഷമത കുറയ്ക്കുകയും അതുവഴി ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യും. അനുവദനീയമായ പ്ലാസ്റ്റിക് സൂക്ഷ്മകണങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിന് നിലവിൽ മാനദണ്ഡങ്ങൾ ഉണ്ട്. എന്നാൽ ഇത് കാലഹരണപ്പെട്ടിരിക്കയാണ്. അമേരിക്കൻ ഇപിഎ(എന്‍വയോണ്‍മെന്‌റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി)യുടെ നിലവിലെ സുരക്ഷിതമായ ബിപിഎ നിലവാര പരിധികൾ പുനഃപരിശോധിക്കാൻ ഡയബറ്റിറ് അസോസിയേഷൻ ഗവേഷകര്‍ ആവശ്യപ്പെട്ടു.
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മിനറൽ വാട്ടർ എന്ന പേരിൽ നൽകുന്ന കുടിവെള്ള കുപ്പികൾ ആവർത്തിച്ച് ഉപയോഗിക്കുക പോലും ചെയ്യുന്നുണ്ട്. ചൂടുള്ള ഭക്ഷണ പദാർത്ഥങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളിൽ പായ്ക്ക് ചെയ്യുന്നു.കേരളം പോലുള്ള സംസ്ഥാനങ്ങളിൽ രാസപ്രവർത്തന സാധ്യതയുള്ള മദ്യം വരെ വ്യാപകമായി പ്ലാസ്ററിക് ബോട്ടിലുകളിൽ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമാണ്. അനുവദനീയമായതിലും കട്ടി കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളിൽ കറികളും ഭക്ഷ്യ വസ്തുക്കളും തത്സമയം പായ്ക്ക് ചെയ്ത് നൽകുന്നതും നിയമ നടപടികൾ ഇല്ലാതെ തുടരുന്ന സാഹചര്യമാണ്.
അമേരിക്കയിലും ഓസ്ട്രേലിയയിലും ഇതിന് കർശന നിയന്ത്രണമുണ്ട്. ഫ്രാൻസിൽ നിരോധനം തന്നെയും നിലനിൽക്കുന്നു. ഇന്ത്യയിൽ ഔഷധങ്ങളും മദ്യവും അരിഷ്ടവും പോലുള്ള വീര്യം കൂടിയ വസ്തുക്കളും പ്ലാസ്റ്റിക് ബോട്ടിലുകളിൽ ഉപയോഗിക്കുന്നു.
ഭക്ഷണപാനീയങ്ങളുടെ പാക്കോജിങ്ങില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ബിപിഎ. ബിപിഎ മനുഷ്യഹോര്‍മോണുകളെ തടസ്സപ്പെടുത്തുമെന്ന് നേരത്തേതന്നെ ആശങ്ക പങ്കുവെയ്ക്കപ്പെട്ടിരുന്നു. ശരീരത്തിലെ സ്വാഭാവികമായ ഇന്‍സുലിന്‍ സംവേദനക്ഷമത കുറയുന്നതിലേക്ക് ബിപിഎയെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളാണ് പഠനം മുന്നോട്ട് വെക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലേക്ക് നയിക്കുന്ന സാഹചര്യമാണ് ചൂണ്ടികാണിക്കുന്നത്.
അമേരിക്കൻ എന്‍വയോണ്‍മെന്‌റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയോടാണ് സുരക്ഷിതമായ അളവ് പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത് എങ്കിലും ഇത് ലോകത്തിലെ എല്ലാ മനുഷ്യർക്കും ബാധകമായ പഠനമാണ്. അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യമാണിതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാലിഫോര്‍ണിയ പോളിടെക്‌നിക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ടോഡ് ഹെങ്കോബിയന്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിലവില്‍ ഫുഡ് കണ്ടെയ്‌നറുകളില്‍ പ്രതിദിനം ഒരു കിലോ ശരീരഭാരത്തിന് അഞ്ച് മില്ലിഗ്രാം വരെ ബിപിഎ സുരക്ഷിതമാണെന്ന് എഫ്ഡിഎ(ഫുഡ് ഡ്രഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) നിര്‍ദേശിക്കുന്നു. ഡയബറ്റിക് അസോസിയേഷന്റെ പഠനത്തില്‍ അപകടസാധ്യതയുള്ളതായി കണ്ടെത്തിയ അളവന്റെ നൂറ് മടങ്ങാണിത്.
സ്റ്റെയിന്‍ലസ് സ്റ്റീല്‍, ഗ്ലാസ് ബോട്ടിലുകള്‍, ബിപിഎ രഹിത കാനുകള്‍ എന്നിവ ബപിഎ എക്‌സ്‌പോഷര്‍ കുറയ്ക്കുകവഴി പ്രമേഹസാധ്യത ലഘൂകരിക്കുമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു
ഇക്കോ എൺവയൻമെന്റ് ആന്റ് ഹെൽത്ത് അടുത്തിടെ പുറത്തു വിട്ട റിപ്പോർട്ടിൽ ഇതേ സാഹചര്യത്തിൽ തന്നെ സൂര്യപ്രകാശം നേരിട്ട് എൽക്കുന്ന ബോട്ടിലുകളിൽ അപകട സാധ്യത കൂടുന്നതായി കണ്ടെത്തിയിരുന്നു. പോളികാർബണേറ്റ് ബോട്ടിലുകൾക്ക് പുറമെ ഇപ്പോക്സി പശകളിലും ബിപിഎ സാന്നിധ്യം കൂടുതലായി ഉണ്ട്. 1950 മുതലാണ് ഇത് ഉപയോഗിച്ച് തുടങ്ങിയത്. കുട്ടികളിലെ പെരുമാറ്റ പ്രശ്നം, ഉയർന്ന രക്ത സമ്മർദ്ദം എന്നിവയും ഇതിന്റെ ഫലമായി നേരത്തെ വിവരിക്കപ്പെട്ടിരുന്നു. എന്നാൽ നിയന്ത്രിത പരിധി നിർണ്ണയിച്ച് കൊണ്ട് ബിപിഎ അളവിന് അനുമതി നൽകുകയായിരുന്നു.