കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് കണ്ണൂർ ആയുർവേദ ആശുപത്രിയില്‍ ചികിത്സ. നാലാം പ്രതി പാട്യം പത്തായക്കുന്ന് കാരായിന്‍റവിട വീട്ടില്‍ ടി.കെ.രജീഷാണ് കണ്ണൂർ താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ഒൻപതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജയിലില്‍ നിന്നു ഡോക്ടർ പരിശോധിച്ചതിനെത്തുടർന്ന് ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ആയുർവേദ ആശുപത്രിയില്‍ ഡോക്ടർമാർ നടത്തിയ പരിശോധനയെത്തുടർന്നാണ് കിടത്തിച്ചികിത്സയ്ക്ക് വിധേയമായതെന്നാണ് സ്ഥിരീകരണം. ഡിഎംഒ അടക്കമുള്ള മെഡിക്കല്‍ ബോർഡ് ഇതിന് അംഗീകാരം നല്കുകയായിരുന്നു.
2018ല്‍ ടി.പി വധക്കേസ് പ്രതികള്‍ ജില്ലാ ആയുർവേദ ആശുപത്രിയില്‍ സുഖ ചികിത്സ നടത്തിയത് വിവാദമായിരുന്നു. ഇതേത്തുടർന്ന് മാധ്യമങ്ങള്‍ക്കു വിവരം ചോർത്തി നല്‍കിയെന്ന സംശയത്തില്‍ ആശുപത്രി ജീവനക്കാരൻ സ്ഥലം മാറ്റമടക്കമുള്ള നടപടികള്‍ക്ക് വിധേയമായിരുന്നു.
ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ അനുവദിച്ചതുള്‍പ്പെടെ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ആയുർവേദ കിടത്തിച്ചികിത്സ നടത്തുന്നതായുള്ള വിവരം പുറത്തു വരുന്നത്.
കോടതിയില്‍ വിചാരണയ്ക്കെത്തിച്ച കൊടി സുനിയും സംഘവും പോലീസിനെ കാവല്‍ നിർത്തി മദ്യപിച്ചതില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.