കേരളം : എജ്യുടെക് കമ്പനിയായ ബൈജൂസിന് ക്ലീൻ ചിറ്റ് നൽകിയെന്ന ബ്ലൂംബർഗിന്‍റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. ബൈജൂസിനെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ബൈജൂസ് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം വ്യക്തമാക്കി.
ബൈജൂസിന് ക്ലീൻ ചിറ്റ് നൽകിയെന്ന റിപ്പോർട്ടുകൾ തെറ്റിദ്ധരണാജനകമെന്നും കേന്ദ്ര സർക്കാർ പറയുന്നു. 2023-ലാണ് ബൈജൂസിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പർച്ചേസുകളെക്കുറിച്ചും കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രതിസന്ധിക്ക് കാരണം മാനേജ്മെന്‍റിന്‍റെ പിടിപ്പ് കേടെന്നും അന്വേഷണത്തിൽ വ്യക്തമായെന്നായിരുന്നു സാമ്പത്തിക വാർത്താ ഏജൻസിയായ ബ്ലൂം ബർഗിന്‍റെ റിപ്പോർട്ട്.
അതേസമയം, പ്രതിസന്ധിയിലായ എജ്യൂടെക് കമ്പനിയായ ബൈജൂസിലെ 9.6 ശതമാനം ഓഹരിയുടെ മൂല്യം എഴുതിത്തള്ളിയതായി ഡച്ച് ആസ്ഥാനമായ ആഗോള നിക്ഷേപ സ്ഥാപനമായ പ്രോസസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രോസസ് ഏകദേശം 4150 കോടി രൂപ ബൈജുവിൽ നിക്ഷേപിച്ചിരുന്നു. ഈ നിക്ഷേപത്തിൽ 4000 കോടി രൂപയുടെ നഷ്ടമാണ് പ്രോസസിനുണ്ടായത്. ബൈജൂസിലെ പ്രോസസിന്റെ നിക്ഷേപ മൂല്യം പൂജ്യമായി കണക്കാക്കിയത് ബൈജൂസിന്റെ മൂല്യനിർണയത്തിന് വലിയ തിരിച്ചടിയാകും.
നിലവിൽ ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി, ബാധ്യതകൾ, ഭാവി വീക്ഷണം എന്നിവയെക്കുറിച്ചുള്ള മതിയായ വിവരങ്ങൾ ഇല്ലാത്തതിനാലാണ് ബൈജുവിനെ തരംതാഴ്ത്തിയതെന്ന് പ്രോസസ് വക്താവ് പറഞ്ഞു. മറ്റ് പ്രമുഖ ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ സ്വിഗ്ഗി, മീഷോ, എറുഡിറ്റസ് എന്നിവയിലെല്ലാം പ്രോസസ് നിക്ഷേപം നടത്തിയിട്ടുണ്ട്.
പ്രധാനപ്പെട്ട പല നിക്ഷേപകരും ബൈജൂസിലെ നിക്ഷേപ മൂല്യം പൂജ്യമായാണ് കണക്കാക്കിയിരിക്കുന്നത്. കമ്പനികളുടെ മൂല്യനിർണ്ണയം അതിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനെയും ബാധിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറക്കിയ ഫോബ്‌സ് ബില്യണയർ ഇൻഡക്‌സ് 2024 അനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി പൂജ്യമായി കുറഞ്ഞിരുന്നു.