Zygo-Ad

ഓണത്തിന് പൂക്കളം നിറയ്ക്കാന്‍ ഒരു കൊട്ട പൂവ് പദ്ധതി

കണ്ണൂർ  : ഓണപൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി കൃഷിയുമായി ജില്ലാ പഞ്ചായത്ത്. പൂക്കളമിടാന്‍ നാട്ടിന്‍ പുറങ്ങളില്‍ ആവശ്യത്തിന് ചെണ്ടുമല്ലി പൂവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതി നടപ്പിലാക്കുകയാണ്.

ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളില്‍ ഈ പദ്ധതി നടപ്പിലാക്കുവാന്‍ 2024- 25 വാര്‍ഷിക പദ്ധതിയില്‍ 15 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം ചെണ്ടുമല്ലി തൈകള്‍ സൗജന്യമായി കൃഷി ഭവനില്‍ നിന്നും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് നല്‍കും. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഫാമുകളില്‍ നിന്നാണ് തൈകള്‍ എത്തിക്കുകയെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.

ജൂലൈ ആദ്യവാരത്തോടെ തൈകള്‍ വിതരണം ചെയ്ത് ഓണക്കാലത്ത് വിളവെടക്കാന്‍ സാധിക്കത്തക്ക വിധത്തിലാണ് പദ്ധതി. 20 മുതല്‍ 22 വരെ ദിവസം പ്രായമുള്ള തൈകളാണ് വിതരണം ചെയ്യുക. മിനിമം 15 സെന്റിലാണ് ഒരു ഗ്രൂപ്പ് പുഷ്പകൃഷി ചെയ്യുക. പുഷ്പകൃഷിയുടെ പ്രോത്സാഹനമാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

കര്‍ഷക ഗ്രൂപ്പുകള്‍, സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീകള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകള്‍ ജൂണ്‍ 20 നകം ബന്ധപ്പെട്ട കൃഷി ഭവനില്‍ നല്‍കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുലേഖാബി അറിയിച്ചു

Previous Post Next Post