കണ്ണൂർ: എൻ.എസ്.എസ്.എ സംസ്ഥാന വ്യാപകമായി സമരം തുടരാൻ തീരുമാനിച്ചതിനാൽ ജില്ലയിലെ റേഷൻ വിതരണം പ്രതിസന്ധിയിലാകും.
നിലവിൽ ജില്ലയിൽ നാല് ദിവസം വരെ വിതരണം ചെയ്യാനുള്ള സാധനങ്ങളാണ് റേഷൻ കടകളിൽ ശേഖരിച്ചിട്ടുള്ളത്.
15-ന് ഉള്ളിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ജില്ലയിൽ റേഷൻ വിതരണം മുടങ്ങും. കരാർ പ്രകാരം നൽകേണ്ട 90 ശതമാനം തുക നൽകുക, ക്ഷേമ ബോർഡിൽ അടയ്ക്കേണ്ട തുക കോൺട്രാക്ടർമാരുടെ ബില്ലുകളിൽ നിന്ന് കട്ട് ചെയ്ത് നേരിട്ട് സപ്ലൈകോ നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
മൂന്നര മാസത്തെ തുക കുടിശ്ശികയായതിനെ തുടർന്നാണ് ജൂൺ ഒന്നുമുതൽ കരാറുകാർ സമരം നടത്തുന്നത്. സപ്ലൈകോ എം ഡിക്കും ഫുഡ് സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചിട്ടും പരിഹാരം ഇല്ലാത്തതിനാലാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.