പിണറായി : ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കി ഒരു വർഷം കഴിഞ്ഞിട്ടും പുതിയത് പണിയാനാവാതെ കുഴങ്ങി അധികൃതർ. പടന്നക്കര – പാറപ്രം കവലയിലെ കോൺക്രീറ്റിൽ പണിത കാത്തിരിപ്പു കേന്ദ്രമാണ് നവീന മാതൃകയിലുള്ള ഷെൽട്ടർ നിർമാണത്തിനായി പൊളിച്ചുനീക്കിയത്.
കാത്തിരിപ്പുകേന്ദ്രം നിന്നിരുന്ന സ്ഥലത്ത് തന്നെ പുതിയത് പണികഴിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും പൊതുമരാമത്ത് വിഭാഗം അനുമതി നിഷേധിച്ചു. തുടർന്ന് സമീപത്തായി കാത്തിരിപ്പു കേന്ദ്രത്തിന് സ്ഥലം കണ്ടെത്തിയെങ്കിലും സ്ഥലത്തിന്റെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട തർക്കം കാരണം പണി തുടങ്ങാനായില്ല. നാലറ്റം വലിച്ചുകെട്ടിയ ചെറിയ ടാർപോളിൻ ഷീറ്റാണ് നിലവിൽ യാത്രക്കാർക്ക് ആശ്രയം. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന കാത്തിരിപ്പു കേന്ദ്രം ഉടൻ പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുഖ്യമന്ത്രിയുടെ പ്രത്യേക നിധിയിൽനിന്ന് തുക വകയിരുത്തിക്കൊണ്ട് ധർമടം മണ്ഡലത്തിലെ ചെറു കവലകളിൽ നടന്ന സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഭാഗമായി പടന്നക്കരയിൽ സ്ഥാപിച്ച സൗന്ദര്യവിളക്കുകളാണ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിയുമ്പോഴേക്ക് കണ്ണടച്ചത്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച സുരക്ഷാവേലികൾ പലയിടത്തും തകർന്നെങ്കിലും അതും പുനഃസ്ഥാപിച്ചില്ല.