കണ്ണൂർ :സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ തുക കൂട്ടാൻ സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.നിലവിലെ സ്ലാബ് സംവിധാനം മാറ്റി, പ്രൈമറിക്കും യു.പി.ക്കും പ്രത്യേകം തുക നല്‍കുമെന്നു് ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രൈമറിതലത്തില്‍ ഒരു കുട്ടിക്ക് ആറുരൂപവീതവും യു.പി.യില്‍ ഒരു കുട്ടിക്ക് 8.17 രൂപ വീതവുമാണ് ഉച്ചഭക്ഷണച്ചെലവായി നല്‍കുക.
150 കുട്ടികള്‍ വരെയുള്ള സ്കൂളുകള്‍ക്ക് കുട്ടിയൊന്നിന് എട്ടു രൂപയും അതിനുമേല്‍ 500 വരെ ഏഴു രൂപയും 500നുമേല്‍ കുട്ടികള്‍ക്ക് ആറു രൂപയും എന്നതായിരുന്നു സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഇതുവരെ തുടർന്നുവന്ന സ്ലാബ് സമ്ബ്രദായം. ഇത് 2016ല്‍ അനുവദിച്ച നിരക്കാണ്. ഇതില്‍ കേന്ദ്ര വിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവുമാണ്. കേന്ദ്ര വിഹിതം കഴിഞ്ഞ ഒക്ടോബർ മുതല്‍ 8.17 രൂപയായി വർധിപ്പിച്ചെങ്കിലും സ്കൂളുകള്‍ക്ക് ഇപ്പോഴും ലഭിക്കുന്നത് 2016ലെ നിരക്കാണ്.
സംസ്ഥാന സർക്കാർ പണം നല്‍കുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര വിഹിതം പോലും സംസ്ഥാനം പിടിച്ചുവയ്ക്കുകയാണെന്നു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ ആരോപിച്ചിരുന്നു.