Zygo-Ad

സിവില്‍ സ്റ്റേഷനില്‍ പൊതുശുചിമുറി വേണമെന്ന് ജില്ലാ വികസന സമിതിയില്‍ ആവശ്യം

സിവില്‍ സ്റ്റേഷന്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പൊതുശുചിമുറി വേണമെന്ന് ജില്ലാ വികസന സമിതിയില്‍ ആവശ്യം. എം വിജിന്‍ എംഎല്‍എ ആണ് യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചത്.

ഉചിതമായ സ്ഥലം കണ്ടെത്തി ഇതിനാവശ്യമായ കരട് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ജില്ലാ വികസന സമിതി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിര്‍ദേശം നല്‍കി. വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനിലെത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ പൊതു ശുചിമുറി ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നതായി എംഎല്‍എ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ കിഴക്കെ കവാടം റോഡിനോട് ചേര്‍ന്ന് ബസ് സ്റ്റോപ്പ് ഉള്ളത് അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ മുന്നോട്ടേക്ക് മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്ന ഓട്ടോറിക്ഷകളടക്കമുള്ള ചെറു വാഹനങ്ങള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിടുന്ന ബസുകളെ മറികടന്ന് പോകുന്നത് പലപ്പോഴും അപകടകരമായ രീതിയിലാണ്. ഇത് ഒഴിവാക്കാന്‍ ബസ് സ്റ്റോപ്പ് മാറ്റുന്നത് വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post