കണ്ണുർ:കണ്ണൂർ തുളിച്ചേരിയിൽ അജയകുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ കാറും ഓട്ടോറിക്ഷയും തകർത്തു. തുളിച്ചേരി നമ്പ്യാർമെട്ടയിലെ ടി. ദേവദാസിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളാണ് തകർത്തത്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം ദേവദാസിന്റെ വീട്ടിലെ വാഹനം കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയത് അജയകുമാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. വാക്കു തർക്കത്തെ തുടർന്ന് ഇവരെ നാട്ടുകാർ പിടിച്ചുമാറ്റിയിരുന്നു. എന്നാൽ രാത്രി എട്ടുമണിയോടെ ദേവദാസും സംഘവും അജയ് കുമാറിൻ്റെ വീട്ടിലേക്ക് എത്തുകയും കല്ലും വടികളും ഹെൽമെറ്റും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
തടയാൻ ശ്രമിച്ച പ്രവീൺകുമാർ എന്നയാൾക്കും പരുക്കേറ്റു. അജയകുമാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പരേതനായ കുമാരന്റെ മകനാണ് അജയകുമാർ. സഹോദരങ്ങൾ: രജനി, രാഗിണി, റോജ, സീന.
സംഭവത്തിൽ ടി. ദേവദാസ്, മക്കളായ സജ്ജയ്‌ദാസ്, സൂര്യദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പമുണ്ടായ ഇതരസംസ്ഥാന തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട് പ്രതികളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും അജയ കുമാറിന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.