Zygo-Ad

നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ മാറുന്നു.

കണ്ണൂർ : ജൂൺ ഒന്ന് മുതൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ മാറ്റം. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കൂടുതൽ പിഴ ചുമത്താനാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിൻ്റെ തീരുമാനം. അമിത വേഗതയിൽ വാഹനം ഓടിക്കുന്നവർ അടയ്‌ക്കേണ്ട പിഴത്തുക വർധിക്കും. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ 1000 രൂപ മുതൽ 2000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ അവരുടെ രക്ഷിതാക്കൾ നിയമ നടപടി നേരിടേണ്ടി വരും. 25000 രൂപ പിഴ അടയ്ക്കേണ്ടിയും വരും. 25 വയസ്സ് തികയുന്നത് വരെ ഇവർക്ക് ലൈസൻസ് അനുവദിക്കില്ല.

ലൈസൻസിനായി അപേക്ഷിക്കുന്നവർ പ്രാദേശിക ആർടി ഓഫീസിൽ നിന്ന് തന്നെ ഡ്രൈവിങ് ടെസ്റ്റ് ചെയ്യണമെന്ന നിർബന്ധം ഇനിയുണ്ടാവില്ല. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള അനുമതി നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നത് മുതൽ അത് കയ്യിൽ കിട്ടുന്നത് വരെയുള്ള പ്രക്രിയ കൂടുതൽ എളുപ്പമാക്കിയിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈനായും ആർടിഒ ഓഫീസുകളിൽ നേരിട്ടും ഡ്രൈവിങ് ലൈസൻസിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസിനുള്ള ഫീസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നിയമം പ്രകാരം ലേണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കാൻ 150 രൂപയാണ് നൽകേണ്ടത്. ടെസ്റ്റിനും റീ ടെസ്റ്റിനും 50 രൂപയായിരിക്കും അധിക ഫീസ്. സാധാരണ ഡ്രൈവിങ് ടെസ്റ്റിനും റീ ടെസ്റ്റിനും 300 രൂപയാണ് ഫീസ്. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് 200 രൂപയാണ് അട‌യ്ക്കേണ്ടതായി വരിക. അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിന് 1000 രൂപയാണ് അട‌യ്ക്കേണ്ടത്. ചരക്കുഗതാഗത വാഹനങ്ങളുടെ ലൈസൻസിന് അപേക്ഷിക്കുന്നവർ 200 രൂപയാണ് ഫീസ് അടയ്ക്കേണ്ടത്. ലൈസൻസ് പുതുക്കുന്നതിനും 200 രൂപ ഫീസ് വേണ്ടി വരും.

Previous Post Next Post