Zygo-Ad

കൃഷ്ണാ ജ്വൽസിലെ സാമ്പത്തിക തിരിമറി രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി തള്ളി

തലശ്ശേരി:കണ്ണൂർ കൃഷ്ണാ ജ്വൽസിലെ ജീവനക്കാരി സാമ്പത്തിക തിരിമറി നടത്തി എന്ന കേസിൽ കേസന്വേഷണം നടത്തിവരുന്ന ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നാരോപിച്ച് കേസിലെ രണ്ടാംപ്രതി നൽകിയ മുൻകൂർ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി തള്ളി.

ജ്വല്ലറിയിലെ ജീവനക്കാരിയും കേസിലെ ഒന്നാം പ്രതിയുമായ കെ.സിന്ധുവിന്റെ ഭർത്താവ് കണ്ണൂർ ചിറക്കൽ കൃഷ്ണാജ്ഞലിയിൽ എൻ.ബാബു (47) നൽകിയ മുൻകൂർ ജാമ്യ ഹരജിയാണ് ജില്ലാ കോടതി നിരസിച്ചത്.
കേസിലെ ഒന്നാം പ്രതി സിന്ധു ഹൈക്കോടതിയിൽ നിന്നും നേരത്തെ ജാമ്യം നേടിയിരുന്നു.

2023 ജൂലായ് മൂന്നിനാണ് കൃഷ്ണ ജ്വൽസിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്.

2004 മുതൽ ഇവിടെ ജോലി ചെയ്തു വന്നിരുന്ന സിന്ധു ഏഴര കോടിയോളം രൂപ വകമാറ്റി ബന്ധുക്കളുടെയും മറ്റു പേരിൽ നിക്ഷേപിച്ചു എന്നാണ് കേസ്.

കാസർഗോഡ് ക്രൈംബ്രാഞ്ച് ടീമാണ് കേസന്വേഷണം നടത്തി വരുന്നത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത്കുമാർ കോടതി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.

Previous Post Next Post