Zygo-Ad

ഹൈറിച്ചിൻ്റെ ഇടനിലക്കാരായ 39 പേർക്കെതിരെ കേസ്

ഹൈറിച്ചിന്‍റെ മണിച്ചെയിന്‍ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ട ജനങ്ങളില്‍നിന്ന് കോടികള്‍ കമ്മീഷന്‍ കെപ്പറ്റിയ ഇടനിലക്കാര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
മുന്‍ പോലീസ് മേധാവി വടകരയിലെ പി.എ. വത്സന്‍ നല്‍കിയ പരാതിയിലാണ് പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സര്‍ക്കുലേഷന്‍ സ്‌കീം ആക്‌ട് പ്രകാരവും ബാണിംഗ് ആക്‌ട് പ്രകാരവും കേസെടുത്തത്.

റോയല്‍ ഗ്രാൻഡ് ഡിജിറ്റല്‍, ഫിജീഷ്, റോയല്‍ ഗ്രാന്‍റ്, ടി.ജെ.ജിനില്‍, കെ.കെ.രമേഷ്, ഹൈറിച്ച്‌ ശ്രീജിത്ത് അസോസിയേറ്റസ്, ഹൈ ഫ്ലൈയേഴ്സ്, കെ.പി. ശ്രീഹരി തുടങ്ങിയ 39 ഇടനിലക്കാര്‍ക്കെതിരേയാണ് കേസ്.

ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രൊമോട്ടര്‍മാരായ പ്രതികള്‍ മണിചെയിന്‍ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവില്‍ നേരിട്ടും ഓണ്‍ലൈനായും ആളുകളെ ചേര്‍ത്ത് കോടികള്‍ കമ്മീഷന്‍ പറ്റുന്നതായും നിയമപരമായ അനുമതിയില്ലാതെ ആളുകളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതായും അന്വേഷണത്തിലൂടെ മുന്‍ പോലീസുദ്യോഗസ്ഥനായ പരാതിക്കാരന്‍ കണ്ടെത്തിയിരുന്നു.

ഒരു കോടി മുതല്‍ അഞ്ചരകോടി രൂപ വരെ കമ്മീഷണനായി കൈപ്പറ്റിയവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പരാതിക്കാരന്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മണിച്ചെയിന്‍ ഇടപാട് നടത്തുന്ന സ്ഥാപനയടുമകളെ കൂടാതെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കാമെന്ന ബാണിംഗ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഇദ്ദേഹം നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

മാത്രമല്ല ഏഴരക്കോടിവരെ കമ്മീഷന്‍ ഇനത്തില്‍ അനധികൃതമായി സമ്പാദിച്ചവരുള്‍പ്പെടെ നൂറ്റിയിരുപതോളം ഇടനിലക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചതായും ഇവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും വത്സന്‍ പറഞ്ഞു.

Previous Post Next Post