Zygo-Ad

പോസ്റ്റല്‍ ബാലറ്റിന് 34 ,ഇവിഎം വോട്ട് എണ്ണാന്‍ 98 ടേബിളുകൾ, കൗണ്ടിങ് ഏജന്റുമാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.

കണ്ണൂർ: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ഇവിഎമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകള്‍ സജ്ജമാക്കും. ഓരോ നിയമസഭാ മണ്ഡലത്തിനും 14 വീതം ടേബിളുകളാണ് ഒരുക്കുന്നത്. ഇതിനു പുറമെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 34 ടേബിളുകളും ഉണ്ടാകും.

സ്ഥാനാര്‍ഥികളെയും അവരുടെ ഇലക്ഷന്‍ ഏജന്റിനെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന കൗണ്ടിങ് ഏജന്റുമാരെയും മാത്രമേ കൗണ്ടിങ് ഹാളില്‍ പ്രവേശിപ്പിക്കൂ. എല്ലാവര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറില്‍ വിളിച്ചു ചേര്‍ത്ത സ്ഥാനാര്‍ഥികളുടെയും ഇലക്ഷന്‍ ഏജന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടെണ്ണല്‍ ജൂണ്‍ നാലിന് രാവിലെ എട്ടു മണിക്ക് ചാല ചിന്‍ടെക്കില്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളായിരിക്കും എണ്ണുക.ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ(ഇവിഎം) വോട്ടുകള്‍ എണ്ണുന്നതിന് ഓരോ നിയമസഭാ മണ്ഡലത്തിനും 14 ടേബിളുകള്‍ വീതം ആകെ 98 ടേബിളുകളാണ് ക്രമീകരിക്കുന്നത്.

ബന്ധപ്പെട്ട അസി. റിട്ടേണിങ്ങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഇവിഎം വോട്ടുകള്‍ എണ്ണുക. ഒരു സ്ഥാനാര്‍ഥിക്കു ആകെ 98 ഏജന്റുമാരെ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം.പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിലേക്ക് 34 ടേബിളുകള്‍ ക്രമീകരിക്കും. ഒരു സ്ഥാനാര്‍ഥിക്ക് ആകെ 34 ഏജന്റുമാരെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം.

റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ കലക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക.
സര്‍വ്വീസ് വോട്ടുകള്‍ (ഇടിപിബിഎസ്) സ്‌കാന്‍ ചെയ്യുന്നതിലേക്ക് 10 ടേബിളുകള്‍ ഉണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെ ഒരു ഏജന്റിനെ വെക്കാം.
ഒരു എ ആര്‍ ഒ യുടെ ടാബുലേഷന്‍ ടേബിളിലേക്ക് ഒരു ഏജന്റ് എന്ന നിലയില്‍ സ്ഥാനാര്‍ഥികള്‍ക്ക് ടാബുലേഷന്‍ ടേബിളുകളിലേക്ക് ഏഴ് ഏജന്റുമാരെ നിയോഗിക്കാം. ആര്‍ ഒ യുടെ ടാബുലേഷന്‍ ടേബിളിലേക്കും ഒരു ഏജന്റിനെ വെക്കാം.

കൗണ്ടിങ് ഏജന്റ് പാസ്സിനുള്ള അപേക്ഷ കൗണ്ടിങ് ഏജന്റുമാരുടെ പേര്, വിലാസം, ഒപ്പ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പിറകില്‍ ഏജന്റിന്റെ പേര് രേഖപ്പെടുത്തേണ്ടതാണ്) എന്നിവ സഹിതം ഫോറം 18 ല്‍ സ്ഥാനാര്‍ഥികളോ, രാഷ്ട്രീയ പാര്‍ട്ടി മുഖ്യ ഏജന്റുമാരോ നല്‍കേണ്ടതാണ്.

എ ആര്‍ ഒ ടാബുലേഷന്‍ ടേബിളിലേക്കും ഇ വി എം കൗണ്ടിങ് ടേബിളുകളിലേക്കുമുള്ള ഏജന്റുമാരുടെ പാസ്സ് എ ആര്‍ ഒ മാര്‍ നല്‍കുന്നതായിരിക്കും. ഇതിന് ഫോറം 18 ലുള്ള അപേക്ഷ ബന്ധപ്പെട്ട എ ആര്‍ ഒ മാര്‍ക്ക് നല്‍കണം. ആര്‍ ഒ യുടെ ടാബുലേഷന്‍ ടേബിളിലേക്കും പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിളുകളിലേക്കുമുള്ള ഏജന്റുമാരുടെ പാസ്സിന് വേണ്ടിയുള്ള അപേക്ഷ റിട്ടേണിങ്ങ് ഓഫീസറുടെ ഓഫീസില്‍ നല്‍കണം.

ഫോറം 18 ല്‍ അല്ലാതെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോറം 18 അപേക്ഷയില്‍ ഇലക്ഷന്‍ ഏജന്റ്, കൗണ്ടിങ് ഏജന്റ് എന്നിവര്‍ ഒപ്പ് വെക്കേണ്ടതാണ്. ഫോറം 18 ന്റെ രണ്ട് കോപ്പികള്‍ സമര്‍പ്പിക്കേണ്ടതാണ് ഒരു സ്ഥാനാര്‍ഥിക്ക് ഒരു ഫോറം 18 അപേക്ഷയില്‍ തന്നെ എല്ലാ ഏജന്റുമാരുടെയും പേര്, വിലാസം, ഒപ്പ് എന്നിവ ചേര്‍ത്ത് നല്‍കാവുന്നതാണ്. മെയ് 31 അഞ്ചു മണിക്ക് മുന്‍പ് ഫോറം 18 ല്‍ അപേക്ഷ സമര്‍പ്പിക്കണം.

വോട്ടെണ്ണലിന്റെ തലേ ദിവസം (ജൂണ്‍ 3) 5 മണിക്ക് മുന്‍പ് ആവശ്യമായ പാസുകള്‍ വാങ്ങിക്കേണ്ടതാണ്.
വോട്ടെണ്ണല്‍ ദിവസം തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചായിരിക്കും കൗണ്ടിങ് ഏജന്റ്മാരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക. സ്ഥാനാര്‍ഥിയുടെയോ, കൗണ്ടിങ് ഏജന്റിന്റെയോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൗണ്ടിങ് ഹാളില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒഴികെ ആര്‍ക്കും തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുവാന്‍ അനുവാദമില്ല. മൊബൈല്‍ ഫോണുകള്‍ കൗണ്ടിങ് ഹാളിന് പുറത്ത് ഇതിനായി സജ്ജീകരിക്കുന്ന കൗണ്ടറില്‍ സൂക്ഷിക്കണം.കൗണ്ടിങ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ ഏജന്റുമാരെ കൗണ്ടിങ് തീരുന്നത് വരെ പുറത്ത് പോകാന്‍ അനുവദിക്കുന്നതല്ല.
വോട്ടെണ്ണുമ്പോള്‍ രഹസ്യ സ്വഭാവം പാലിക്കാന്‍ എല്ലാ ഏജന്റുമാരും ബാധ്യസ്ഥരാണെന്നും കലക്ടര്‍ പറഞ്ഞു.

യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണ, റൂറല്‍ പോലീസ് മേധാവി എം ഹേമലത, എ ഡി എം കെ നവീന്‍ ബാബു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Previous Post Next Post