Zygo-Ad

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ ജനപ്രതിനിധികൾ മെയ് 24ന് കളക്ടറേറ്റ് ധർണ്ണ നടത്തും.

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ബജറ്റ് വിഹിതം ഉടൻ അനുവദിക്കുക, ഗുണഭോക്താക്കൾക്ക് ക്ഷേമ പെൻഷൻ ലഭ്യമാക്കുന്നുന്നതിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കുക, തെരുവ് നായ ആക്രമണം ഇല്ലാതാക്കാൻ എ.ബി.സി പദ്ധതി ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ ജനപ്രതിനിധികൾ കളക്ടറേറ്റിന് മുൻപിൽ മെയ് 24ന് പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി വാർത്താകുറിപ്പിൽ അറിയിച്ചു.

ബജറ്റ് വിഹിതം കൃത്യമായി അനുവദിക്കാതെ കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സർക്കാർ പിടിച്ചു വെച്ച തുക ഈ വർഷം അധികമായി അനുവദിക്കണം. ഫണ്ട്‌ അനുവദിക്കുന്നതിൽ സർക്കാർ വിവേചനം കാണിക്കരുത്.

സര്‍ക്കാറിന്‍റെ ബജറ്റ് വിഹിതം കണക്കാക്കി പദ്ധതി തയ്യാറാക്കിയ തദ്ദേശ സ്ഥാപനങ്ങൾക്ക്, സർക്കാർ വിഹിതം നൽകാത്തതു കാരണം വികസന പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുകയാണ്. നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തീകരിച്ചിട്ടും പണം അനുവദിക്കാതെ ബില്ല് മടക്കിയത് തദ്ദേശസ്ഥാപനങ്ങളുടെ നടുവൊടിച്ചിരിക്കുകയാണ്.
തളര്‍ത്തുന്നതാണ്. ഈ സമീപനം തുടർന്നാല്‍ നിലവില്‍ അംഗീകാരം ലഭിച്ച 2024-25 വര്‍ഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും.
ക്ഷേമപെൻഷൻ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കണം. അർഹതപ്പെട്ടവർക്കും എങ്ങിനെ ക്ഷേമ പെൻഷൻ തടയാം എന്നാണ് സർക്കാർ നോക്കുന്നത്. വാർധക്യ / വിധവാ പെൻഷന് അർഹതപ്പെട്ടവർക്ക് വീടിൻ്റെ വിസ്തീർണവും മറ്റും പറഞ്ഞ് നൽകാതിരിക്കുന്നത് ശരിയല്ല.

ജില്ലയിൽ തെരുവ് നായ ശല്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. തെരുവ് നായകളെ നിയന്ത്രിക്കാൻ കൊണ്ടുവന്ന ആനിമൽ ബർത് കൺട്രോൾ -എ.ബി.സി-പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ഇപ്പോഴും സംവിധാനം പരാജയപ്പെടുകയാണ്. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികൾ തെരുവ് നായ ആക്രമണം നേരിടേണ്ടി വരാനുള്ള സാഹചര്യമുണ്ട്.
വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന ധർണ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ ഉദ്ഘാടനം ചെയ്യും.

Previous Post Next Post