കണ്ണൂർ : കേരളത്തിൽ മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും, തൃശൂർ, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇടുക്കി, വയനാട് ജില്ലകളിലൊഴികെ സംസ്ഥാനത്ത് മറ്റിടങ്ങളിലെല്ലാം തന്നെ ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയുള്ളത്.
പാലക്കാട് ഇന്നലെ താപനില വീണ്ടും റെക്കോർഡിട്ടു. 41.3 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. തൃശൂർ വെള്ളാനിക്കരയിലും താപനില 40 ഡിഗ്രിക്ക് മുകളിൽ കടന്നു. വരും ദിവസങ്ങളിലും കേരളത്തിലുടനീളം താപനില ഉയരാനാണ് സാധ്യതയുള്ളത്.
നേരത്തെ ഏപ്രിൽ 29 മുതൽ മെയ് 03 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 5°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 29 മുതൽ മെയ് 03 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.