കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് രാത്രി വൈകിവരെയും തുടര്‍ന്നു.
വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. കോഴിക്കോട് ജില്ലയിലെ 281 ബൂത്തുകളിൽ വോട്ടെടുപ്പ് കഴിഞ്ഞത് രാത്രി പത്തരയോടെയാണ്.08.15 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തില്‍ 70.35 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 75.74%. പത്തനംതിട്ടയിലാണ് കുറവ്- 63.35%. 11 മണ്ഡലങ്ങളില്‍ പോളിങ് സംസ്ഥാന ശരാശരിക്കും മുകളിലാണ്.
ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിലാണ്(75.74%). ഏറ്റവും കുറവ് പത്തനംതിട്ടയി(63.35%)ലുമാണ്. പതിനൊന്ന് മണ്ഡലങ്ങളിൽ പോളിങ് ശതമാനം 70 കടന്നു. തിരുവനന്തപുരം 66.43%, ആറ്റിങ്ങൽ 69.40%, കൊല്ലം 67.92%, പത്തനംതിട്ട 63.65%, മാവേലിക്കര 65.88%, ആലപ്പുഴ 74.37%, കോട്ടയം 65.59%, ഇടുക്കി 66.39%, എറണാകുളം 68.10%, ചാലക്കുടി 71.68%, തൃശൂർ 72.11%, പാലക്കാട് 72.68%, ആലത്തൂർ 72.66%, പൊന്നാനി 67.93%, മലപ്പുറം 71.68%, കോഴിക്കോട് 73.34 %, വയനാട് 72.85%, വടകര 73.36%, കണ്ണൂർ 75.74%, കാസർഗോഡ് 74.28% എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിങ് ശതമാനം.
സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, വീണാ ജോർജ്, പി.പ്രസാദ്, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ശ്രീനിവാസൻ തുടങ്ങിയവരും ആദ്യമണിക്കൂറുകളിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.
രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം (20), കർണാടക (14), രാജസ്ഥാൻ (13), മഹാരാഷ്‌ട്ര (8), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാർ (5), ഛത്തീസ്ഗഢ് (3), പശ്ചിമ ബംഗാൾ (3), മണിപ്പുർ, ത്രിപുര, ജമ്മു ആൻഡ് കശ്മീർ(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഏഴുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈമാസം 19-ന് കഴിഞ്ഞിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകൾ അന്ന് വിധിയെഴുതി. 65.5 ശതമാനമായിരുന്നു പോളിങ്. മേയ് ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകൾ അന്ന് വിധിയെഴുതും.