ജിദ്ദ: ഇനി മുതല്‍ ഒറ്റ വിസയില്‍ എല്ല ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സുപ്രീം കൗണ്‍സിലിന്റെ അംഗീകാരം. സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് ആണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യതലവന്മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് ടൂറിസം വിസ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗണ്‍സില്‍ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു. ടൂറിസം മേഖലയിലും അവക്കിടയിലുള്ള വിവിധ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുന്നതിനും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതിനാണ് ഈ നടപടി.
ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ടൂറിസ്റ്റുകളുടെയും സന്ദര്‍ശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് ടൂറിസ്റ്റ് വിസ സഹായിക്കും. സാമ്പത്തിക വളര്‍ച്ചയുടെ ഒരു എന്‍ജിന്‍ എന്ന നിലയില്‍ ടൂറിസത്തിന്റെ പങ്ക് വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഓരോ അംഗരാജ്യങ്ങളിലും ടൂറിസം മേഖലയില്‍ നിക്ഷേപത്തിന് പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യും.
#tag:
General