Zygo-Ad

ഒരു വര്‍ഷമായി ഇടപാട് നടത്താത്ത യുപിഐ ഐഡികൾ ഡിസംബര്‍ 31നകം പ്രവര്‍ത്തനരഹിതമാക്കണം; ബാങ്കുകള്‍ക്ക് നിര്‍ദേശം നൽകി.

ഒരുവര്‍ഷമായി ഇടപാട് നടത്താത്ത യുപിഐ ഐഡികളും നമ്പറുകളും ഡിസംബര്‍ 31നകം പ്രവര്‍ത്തനരഹിതമാക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) നിര്‍ദേശം. റിസര്‍വ് ബാങ്കിന് കീഴിലുള്ള എന്‍പിസിഐ ബാങ്കുകള്‍ക്കും ഗൂഗിള്‍ പേ അടക്കമുള്ള പേയ്‌മെന്റ് ആപ്പുകള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. നവംബര്‍ ഏഴിനാണ് ഇതുസംബന്ധിച്ച് എന്‍പിസിഐ സര്‍ക്കുലര്‍ നല്‍കിയത്.
ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നിര്‍ദേശം. ബാങ്കിങ് സിസ്റ്റത്തില്‍ നിന്ന് പഴയ നമ്പര്‍ കളയാതെ ഉപഭോക്താവ് പുതിയ നമ്പറിലേക്ക് മാറുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇതറിയാതെ മറ്റൊരാള്‍ ഉപഭോക്താവിന്റെ പഴയ നമ്പറിലേക്ക് പണം കൈമാറുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐ സമയപരിധി നിശ്ചയിച്ചത്.
നിലവില്‍ പ്രവര്‍ത്തനരഹിതമായ ഫോണ്‍ നമ്പര്‍ പുതിയ സബ്‌സ്‌ക്രൈബര്‍ക്ക് നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അതായത് നമ്പര്‍ പ്രവര്‍ത്തനരഹിതമായി 90 ദിവസം കഴിഞ്ഞാല്‍ മാത്രമേ പുതിയ സബ്‌സ്‌ക്രൈബര്‍ക്ക് ഈ നമ്പര്‍ നല്‍കാന്‍ പാടുള്ളൂ. ഈ കാലയളവില്‍ നമ്പര്‍ മാറിയത് അറിയാതെ പണം കൈമാറാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ യുപിഐ വഴി സാമ്പത്തിക ഇടപാട് നടത്താത്ത യുപിഐ ഐഡികളും യുപിഐ നമ്പറുകളും ഉപഭോക്താവിന്റെ ഫോണ്‍ നമ്പറുകളും കണ്ടെത്താനാണ് ബാങ്കുകള്‍ക്കും പേയ്‌മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദേശിച്ചത്. അത്തരം ഉപഭോക്താക്കളുടെ യുപിഐ ഐഡികളും യുപിഐ നമ്പറുകളും ഇന്‍വേര്‍ഡ് ക്രെഡിറ്റ് ഇടപാടുകള്‍ ചെയ്യാന്‍ കഴിയാത്തവിധം പ്രവര്‍ത്തനരഹിതമാക്കും. കൂടാതെ യുപിഐ മാപ്പറില്‍ നിന്ന് അത്തരം നമ്പറുകള്‍ ഡീരജിസ്റ്റര്‍ ചെയ്യുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ബ്ലോക്ക് ചെയ്ത യുപിഐ ഐഡികള്‍ ഉള്ള ഉപഭോക്താക്കള്‍ യുപിഐ മാപ്പര്‍ ലിങ്കേജിനായി അവരുടെ യുപിഐ ആപ്പുകളില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Previous Post Next Post