ഗസ്സ സിറ്റി: മരണത്തിലേക്കാണ് ഗസ്സയിലെ ഓരോ കുരുന്നും ഇപ്പോള്‍ പിറന്നു വീഴുന്നത്. ശ്വാസവായുവും കുടിവെള്ളവും ഉള്‍പെടെ തകര്‍ത്ത് ഇസ്‌റാഈല്‍ നരാധമന്‍മാരുടെ ക്രൂരതയില്‍ ഓരോ നിമിഷവും അവിടെ പിഞ്ചു ജീവനുകള്‍ പിടഞ്ഞു തീരുകയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ച് ലോകവുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട ഗസ്സയിലെ ആശുപത്രികളില്‍ ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങുകയാണ് രോഗികള്‍.
ഇസ്‌റാഈല്‍ അതിക്രമം തുടരുന്ന അല്‍ഷിഫ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 രോഗികളും ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടു. 51 രോഗികളാണ് പുതുതായി മരിച്ചത്. ഇവരില്‍ ചികിത്സയിലുള്ള നിരവധി കുഞ്ഞുങ്ങളും ഉള്‍പ്പെടും. 70 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെയും ആശുപത്രി വളപ്പില്‍ സംസ്‌കരിച്ചു. ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ ബാക്കിയുള്ള രോഗികള്‍ കടുത്ത ആരോഗ്യപ്രശ്‌നം നേരിടുകയാണ്. രോഗികളും അഭയാര്‍ഥികളുമടക്കം 7000ത്തോളം പേരാണ് ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നത്.
ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 12,000 കവിഞ്ഞതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ അയ്യായിരത്തിലധികവും കുട്ടികളാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലും മറ്റുമായി കിടക്കുന്ന ആയിരങ്ങളുടെ മൃതദേഹങ്ങള്‍ കൂടി ചേരുമ്പോള്‍ മരണം പതിനയ്യായിരം മറികടക്കുമെന്നാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
#tag:
General