Zygo-Ad

കണ്ണൂരിൽ ക്രൂരത: 88-കാരിയായ മാതാവിനെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു; മകൻ പിടിയിൽ

 


കണ്ണൂർ: സ്വന്തം മാതാവിനെ ക്രൂരമായി മർദ്ദിക്കുകയും കസേരയിലിരിക്കെ മുറ്റത്തേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ മകൻ അറസ്റ്റിൽ. പള്ളിയാംമൂല ലക്ഷംവീട് കോളനിയിലെ സജീവനെ (58) ആണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും പിടികൂടിയത്. മർദ്ദനമേറ്റ പള്ളിയാംമൂലയിലെ വി. ശാന്ത (88) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ബുധനാഴ്ച രാത്രി 11 മണിയോടെ പള്ളിയാംമൂലയിലെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്ഥിരം മദ്യപാനിയായ സജീവൻ വീട്ടിൽ ചിലവിന് പണം നൽകുന്നില്ലെന്ന് മാതാവ് ശാന്ത ചോദിച്ചതാണ് അക്രമത്തിന് കാരണമായത്. വീടിന്റെ വരാന്തയിൽ കസേരയിലിരിക്കുകയായിരുന്ന വയോധികയെ സജീവൻ ക്രൂരമായി മർദ്ദിക്കുകയും കസേരയിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ മുറ്റത്ത് തലയടിച്ചാണ് ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Previous Post Next Post