Zygo-Ad

രാജ്യത്ത് 20 വ്യാജ സര്‍വകലാശാലകള്‍, കേരളത്തില്‍ ഒന്ന്; പട്ടിക പുറത്തുവിട്ട് യുജിസി.

ന്യൂഡല്‍ഹി: ഇന്ത്യയിലെ 20 യൂണിവേഴ്‌സിറ്റികള്‍ വ്യാജമാണെന്നും ഇത്തരം സ്ഥാപങ്ങള്‍ കൂടുതലുള്ളത് ഡല്‍ഹിയിലാണെന്നും യുജിസി. കേരളമുള്‍പ്പെടെ മറ്റ് ആറ് സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളും പട്ടികയിലുണ്ട്.
ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്. വ്യാജ സര്‍വകലാശാല ആണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി ) കത്തയച്ചു. 1956 ലെ യുജിസി നിയമത്തിലെ സെക്ഷന്‍ 2(എഫ്) അല്ലെങ്കില്‍ സെക്ഷന്‍ 3 പ്രകാരം നിര്‍വചിച്ചിരിക്കുന്ന സര്‍വകലാശാല അല്ലെന്നും ‘വ്യാജ സര്‍വ്വകലാശാലകളുടെ’ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബിരുദങ്ങള്‍ നല്‍കുന്ന ബിസിനസ്സിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും ‘യൂണിവേഴ്‌സിറ്റി’ എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് നിരപരാധികളായ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്നും കത്തില്‍ പറയുന്നു.
ഇത്തരം സ്ഥാപനങ്ങളുടെ വഞ്ചനാപരമായ പ്രവൃത്തിക്ക് നിരവധി വിദ്യാര്‍ത്ഥികള്‍ ഇരകളാകുന്നത് ആശങ്കാജനകമാണെന്നും കത്തില്‍ പറയുന്നു. ഒരു ബിരുദവും നല്‍കുന്നില്ലെന്ന് കാണിച്ച് 15 ദിവസത്തിനകം എല്ലാ വിസിമാരും പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും യുജിസി വ്യക്തമാക്കി.
വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ ഡല്‍ഹിയില്‍ നിന്നുള്ള എട്ട് സ്ഥാപനങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നാല്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും കേരളം, കര്‍ണാടക, മഹാരാഷ്ട്ര , പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ഓരോന്നും ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി ആണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Previous Post Next Post