Zygo-Ad

ചന്ദ്രയാന്‍-3ന്റെ ലാന്‍ഡിംഗ് ലൈവ് സ്ട്രീമിംഗ് കണ്ടത് 80 ലക്ഷത്തിലധികം പേര്‍; ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് യൂട്യൂബ് CEO.

ചന്ദ്രയാന്‍-3ന്റെ ലാന്‍ഡിംഗ് ലൈവ് സ്ട്രീമിംഗ് കണ്ടത് 80 ലക്ഷത്തിലധികം പേര്‍; ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് യൂട്യൂബ് CEO.ചന്ദ്രയാന്‍-3ന്റെ ലാന്‍ഡിംഗ് ലൈവ് സ്ട്രീമിംഗ് റെക്കോര്‍ഡ് പ്രേക്ഷകരെ സൃഷ്ടിച്ചതിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ (ഐഎസ്ആര്‍ഒ) അഭിനന്ദിച്ച് യൂട്യൂബ് സിഇഒ നീല്‍ മോഹന്‍. ചന്ദ്രയാന്‍ -3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിന്റെ തത്സമയ സ്ട്രീം 80 ലക്ഷത്തിലധികം ആളുകളാണ് ഒരേസമയം കണ്ടതെന്ന് പറയുന്ന എക്‌സിലെ യൂട്യൂബ് ഇന്ത്യയുടെ ഒരു പോസ്റ്റ് റീപോസ്റ്റ് ചെയ്തു കൊണ്ടാണ് നീല്‍ മോഹന്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ചത്.
ആഗസ്റ്റ് 23 ന് വൈകുന്നേരം 6:04 നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ ‘വിക്രം’ ലാന്‍ഡര്‍ ചരിത്രപരമായ ‘സോഫ്റ്റ് ലാന്‍ഡിംഗ്’ നടത്തിയത്.
‘നമ്മളെ അത്ഭുതപ്പെടുത്തിയ നിമിഷം: ഇന്ത്യ ചന്ദ്രനില്‍ ഇറങ്ങി! ഐഎസ്ആര്‍ഒ ലൈവ് സ്ട്രീം ഒരേസമയം 8 ദശലക്ഷം പേരാണ് കണ്ടത്. നമ്മള്‍ ചന്ദ്രനിലാണ് !,’ യൂട്യൂബ് ഇന്ത്യയുടെ പോസ്റ്റ് പറയുന്നു. ചന്ദ്രനിലും വീഡിയോ പ്ലാറ്റ്ഫോമിലും ഐഎസ്ആര്‍ഒ വിജയം കുറിച്ചത് കാണുന്നതില്‍ താന്‍ വളരെ ആവേശഭരിതനാണെന്നും നീല്‍ മോഹന്‍ ഇതേ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
ഇത് വളരെ ആവേശകരമായ നിമിഷമാണ് – ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. ഒരേസമയം 8 ദശലക്ഷത്തിലധികം പ്രേക്ഷകര്‍, അവിശ്വസനീയമാണ്!,’ എക്‌സിലെ തന്റെ പോസ്റ്റില്‍ നീല്‍ മോഹന്‍ കുറിച്ചു.
ചന്ദ്രോപരിതലത്തില്‍ വിക്രം സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യുന്നതിന്റെ 72 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ 7.8 കോടിയിലധികം പേരാണ് കണ്ടത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയ്ക്ക് സമീപം സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയ ആദ്യത്തെ ബഹിരാകാശ ഏജന്‍സിയായി ഐഎസ്ആര്‍ഒ ചരിത്രം സൃഷ്ടിച്ചിരുന്നു. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ഇതോടെ ഇന്ത്യ മാറി.
സോഫ്റ്റ് ലാന്‍ഡിംഗ് കഴിഞ്ഞയുടനെ, വിക്രം ലാന്‍ഡറിനുള്ളില്‍ സുരക്ഷിതമായി ഘടിപ്പിച്ച ‘പ്രഗ്യാന്‍’ റോവറിന്റെ സഹായത്തോടെ ഐഎസ്ആര്‍ഒ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഭൂമിയിലെ 14 ദിവസത്തിന് തുല്യമായ ഒരു സമ്പൂര്‍ണ ചാന്ദ്ര ദിനത്തിലുടനീളം വിക്രമും പ്രഗ്യാനും അവരുടെ ചുമതലകള്‍ നിര്‍വഹിച്ചു. സള്‍ഫറിന്റെയും മറ്റ് മൂലകങ്ങളുടെയും സാന്നിധ്യം കണ്ടെത്തുക, ആപേക്ഷിക താപനില നിരീക്ഷിക്കുക, ചുറ്റുമുള്ള ചലനങ്ങള്‍ ശ്രദ്ധിക്കുക എന്നിവയായിരുന്നു ചന്ദ്രയാന്‍ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഈ മാസം ആദ്യം സ്ലീപ്പ് മോഡില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ചന്ദ്രനില്‍ രാത്രി അവസാനിച്ച് വീണ്ടും സൂര്യോദയമുണ്ടാകുന്ന സെപ്റ്റംബര്‍ 22 ന് ഇരുവരും ഉണര്‍ന്നേക്കാം എന്നാണ് കണക്കാക്കുന്നത്. 2008 ന് ശേഷം, ആദ്യത്തെ ചന്ദ്രയാന്‍ ദൗത്യം ആ പ്രദേശത്ത് ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് പ്രാധാന്യമുണ്ടായത്.

Previous Post Next Post