Zygo-Ad

കളത്തിൽ അതിഥിയായി അന്താരാഷ്ട്ര ചെസ് പ്രതിഭ ആരാധ്യ; ജില്ലാ കളക്ടറുമായി ചെസ് കളിച്ച് വിജയം

 


കണ്ണൂർ: ജില്ലാ കളക്ടറുടെ ചേംബർ അൽപനേരത്തേക്ക് ചെസ് കളിയുടെ വേദിയായി. ഫിഡ റേറ്റിങ്ങിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ചെസ് പ്രതിഭയായ ആരാധ്യ കൊമ്മേരിയുമായി ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ചെസ് കളിയിൽ ഏറ്റുമുട്ടി. മൂന്ന് മിനിറ്റിനുള്ളിൽ ഏഴോളം നീക്കങ്ങളിലൂടെ കളക്ടറെ ചെക്ക് വെച്ചാണ് ആരാധ്യ തന്റെ പ്രതിഭ തെളിയിച്ചത്. കുഞ്ഞുപ്രായത്തിലെ നേട്ടങ്ങൾ തുടരാനും രാജ്യത്തിന് അഭിമാനമായി മാറാനും ജില്ലാ കളക്ടർ ആരാധ്യയ്ക്ക് ആശംസകൾ നേർന്നു.

ജില്ലാ കളക്ടറുടെ 'പ്രതിവാര സംവാദം കളം' പരിപാടിയിലെ ഈ മാസത്തെ പ്രത്യേക അതിഥികളായിരുന്നു അഞ്ചരക്കണ്ടി ശ്രീപഥത്തിലെ ആരാധ്യ കൊമ്മേരിയും കുടുംബവും. മലേഷ്യയിൽ നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണ്ണമെഡലുകളും ഒരു വെങ്കല മെഡലും സ്വന്തമാക്കിയ ആരാധ്യ, അരീന കാൻഡിഡേറ്റ് മാസ്റ്റർ പദവിയും നേടിയിട്ടുണ്ട്. നാല് തവണ സംസ്ഥാന അണ്ടർ-7 ചെസ് ചാമ്പ്യനായിരുന്ന ആരാധ്യ, ദേശീയതലത്തിലും വിവിധ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വാരം മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ചെസ് കളിച്ച് ആരാധ്യ ശ്രദ്ധ നേടിയിരുന്നു.

പരിപാടിയുടെ ഭാഗമായി ഗ്രാമസഭകളിലും നാട്ടിലെ പ്രധാന ചർച്ചകളിലും യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും സജീവ സാന്നിധ്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജില്ലാ കളക്ടർ സംസാരിച്ചു. പുതുതലമുറയ്ക്ക് കൃഷിയോടുള്ള താൽപ്പര്യക്കുറവ് പരിഹരിക്കേണ്ടതാണെന്നും ഹൈടെക് കൃഷിരീതികളിലൂടെ മികച്ച നേട്ടങ്ങൾ കൊയ്യാനാകുമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് വ്യക്തമാക്കി. അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, എ.ഡി.എം. കെ. ബാലഗോപാലൻ, ഹുസൂർ ശിരസ്തദാർ കെ.കെ. രാജേഷ് ഖന്ന തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.



Previous Post Next Post