Zygo-Ad

സ്വച്ഛ് കേരള അവാർഡ് നേടിയ മട്ടന്നൂർ നഗരസഭയുടെ അനുമോദന പരിപാടി; ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്


മട്ടന്നൂർ (കണ്ണൂർ): സ്വച്ഛ് കേരള അവാർഡ് നേടിയ മട്ടന്നൂർ നഗരസഭ സംഘടിപ്പിക്കുന്ന 'സമാദരം' അനുമോദന പരിപാടി രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ച് ബഹിഷ്കരിക്കാൻ മട്ടന്നൂർ മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു. യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ മട്ടന്നൂർ നഗരസഭയ്ക്ക് സ്വച്ഛ് ഷെഹർ പുരസ്കാരം ലഭിച്ചപ്പോൾ അന്നത്തെ ഇടതുപക്ഷ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെ പങ്കെടുപ്പിച്ചുകൊണ്ടാണ് നഗരസഭ പരിപാടി സംഘടിപ്പിച്ചത്. എന്നാൽ ഇപ്പോൾ നിലവിലുള്ള യു.ഡി.എഫ് മന്ത്രിസഭയോടും എം.എൽ.എമാരോടും നഗരസഭ അയിത്തം കൽപ്പിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

എല്ലാ രാഷ്ട്രീയപാർട്ടിയിലും പെട്ട ആളുകളും കൗൺസിലർമാരും ഉദ്യോഗസ്ഥരും തൊഴിലാളികളും വിദ്യാർത്ഥികളും വ്യാപാരികളും സന്നദ്ധ സംഘടനകളും ക്ലബ്ബുകളും ഉൾപ്പെടെ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് നഗരസഭയ്ക്ക് ഈ അവാർഡ് ലഭിച്ചതെന്ന് നഗരസഭാ ചെയർമാൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും അനുമോദന പരിപാടി ഏകപക്ഷീയമായി തീരുമാനിച്ചത് അംഗീകരിക്കാനാവില്ലെന്നും, ഇതിന് നഗരസഭാ നേതൃത്വം ജനങ്ങളോട് മറുപടി പറയണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ കെ. മനീഷ്, വി.എൻ. മുഹമ്മദ്, പി. വിജിത്ത് കുമാർ, എം.കെ. കുഞ്ഞിക്കണ്ണൻ, പി. രാഘവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.



Previous Post Next Post