കണ്ണൂർ: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാനും തരംതാഴ്ത്താനും ലക്ഷ്യമിട്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ തീരുമാനം.
എയ്ഡഡ് സ്കൂളുകളിൽ 2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ പുറത്താക്കാനും, യോഗ്യതയില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ മാതൃ തസ്തികയിലേക്ക് റിവേർട്ട് ചെയ്യാനുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലെ നിർദ്ദേശം. കൂടാതെ ആവശ്യമായ ടെറ്റ് യോഗ്യത നേടിയവർക്ക് മാത്രമേ ഇനി സ്ഥാനക്കയറ്റം അനുവദിക്കൂ എന്നും മാനേജർമാർ ഇത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിരുന്നു.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണമെങ്കിലും ഇടത് അധ്യാപക സംഘടനകൾ ഉൾപ്പെടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം ആയിരത്തോളം അധ്യാപകരെ പ്രതികൂലമായി ബാധിക്കുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടിയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിൻവലിക്കാൻ തയ്യാറായത്.
