കണ്ണൂർ: വൈസ് ചാൻസലറുടെ സൗകര്യാർത്ഥം പലതവണ മാറ്റിവെച്ച കണ്ണൂർ സർവകലാശാല സ്പോർട്സ് മെറിറ്റ് അവാർഡ് സമർപ്പണ ചടങ്ങിൽ വിസി പങ്കെടുത്തില്ല. പലവട്ടം മാറ്റിവെച്ച ശേഷം ബുധനാഴ്ച നടത്തിയ പരിപാടിയിലാണ് വൈസ് ചാൻസലർ കെ.കെ. സാജു അവസാന നിമിഷം വിട്ടുനിന്നത്. ആരോഗ്യകാരണങ്ങളാലാണ് വിസി പങ്കെടുക്കാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, കായിക വിഭാഗം ഡയറക്ടർ ഡോ. എ. പ്രവീണുമായുള്ള തർക്കമാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന. ഈ മാസം മാത്രം വിസിയുടെ അസൗകര്യം പറഞ്ഞ് മൂന്നുതവണ പരിപാടിയുടെ തീയതി മാറ്റിവെച്ചിരുന്നു.
കായികമത്സരങ്ങളിൽ ഈ അധ്യയനവർഷം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ടീമുകൾക്കുള്ള പുരസ്കാരവും ജിമ്മി ജോർജ് ട്രോഫിയും പയ്യന്നൂർ കോളേജിന് സമ്മാനിച്ചു. പയ്യന്നൂർ കോളേജിലെ മനു കൃഷ്ണൻ മികച്ച പുരുഷ കായികതാരത്തിനുള്ള പുരസ്കാരം നേടി. മുന്നാട് പീപ്പിൾസ് കോളേജിലെ കെ.കെ. അജിന, എയ്ഞ്ചൽ, മീത മാമൻ എന്നിവർ മികച്ച വനിതാ കായികതാരങ്ങൾക്കുള്ള പുരസ്കാരം പങ്കിട്ടു. അഖിലേന്ത്യാ അന്തർ സർവകലാശാല മത്സരങ്ങളിൽ വിജയികളായ കായികതാരങ്ങൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.
വിസിയുടെ അഭാവത്തിൽ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫിയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. സിൻഡിക്കറ്റ് അംഗം ഫർഹാൻ മുണ്ടേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ആർ.കെ. ബിജു, എസ്. മുഹമ്മദ്, എൻ.കെ. രജിത, പരീക്ഷാ കൺട്രോളർ ഡോ. എൻ. രാജ്കുമാർ, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. ജിഷ, കായിക വിഭാഗം ഡയറക്ടർ ഡോ. എ. പ്രവീൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
