കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തോട് അനുബന്ധിച്ച് വ്യവസായ വികസനത്തിനായി കിഫ്ബിയുടെ സഹായത്തോടെ കിൻഫ്ര ഏറ്റെടുത്ത ഭൂമിക്കെതിരെ മുൻപ് ഉന്നയിച്ച ആരോപണങ്ങളെല്ലാം വിഴുങ്ങി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭൂമി ഉപയോഗശൂന്യമാണെന്ന് ആരോപിക്കുകയും എൽഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത മുഖ്യമന്ത്രി, ഇതേ സ്ഥലം ലോകോത്തര വ്യവസായ നഗരങ്ങൾക്ക് അത്യുത്തമമാണെന്നാണ് എംപിമാരുടെ യോഗത്തിൽ അറിയിച്ചത്. പദ്ധതിക്ക് കേന്ദ്രാംഗീകാരം ലഭിക്കാൻ എല്ലാ എംപിമാരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സമഗ്രപഠനം നടത്താതെ കിൻഫ്രയുടെ കൺസെപ്റ്റ് നോട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമെടുത്തതെന്നും ആയിരം ഏക്കറിൽ വലിയൊരു ഭാഗം വികസനയോഗ്യമല്ലെന്നുമായിരുന്നു മുൻപത്തെ പ്രധാന ആരോപണം. കിഫ്ബി പിരിച്ചുവിടാൻ യുഡിഎഫ് സർക്കാർ കണ്ടെത്തിയ കാരണവും ഇതായിരുന്നു. എന്നാൽ എംപിമാർക്ക് വിതരണം ചെയ്ത യോഗ അജൻഡയിൽ മുൻനിലപാട് പൂർണ്ണമായും തിരുത്തി വ്യവസായ നഗരപദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
മട്ടന്നൂർ വില്ലേജിലെ വെള്ളപ്പറമ്പ്-കീഴല്ലൂർ പ്രദേശത്തെ 475 ഏക്കറും പനയത്തംപറമ്പിലെ 497 ഏക്കറും ഉൾപ്പെടുന്നതാണ് ഈ ഭൂമി. വ്യവസായ നഗരം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ജൂൺ 22-ന് രണ്ട് ഉത്തരവുകളിലൂടെ സംസ്ഥാന സർക്കാർ ഈ സ്ഥലത്തിന് അംഗീകാരം നൽകിയിരുന്നു. തുടർന്ന് ജൂൺ 28-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാനതല സമിതി നിർദേശങ്ങൾക്ക് അംഗീകാരവും നൽകി.
എന്നാൽ നിർദേശം സമർപ്പിച്ച് മൂന്ന് മാസത്തിനകം ഒക്ടോബർ 28-ന് മന്ത്രിസഭ ഈ ഭൂമിയിടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് മൂന്ന് ദിവസത്തിന് ശേഷം ഒക്ടോബർ 31-ന് ഇതേ ഭൂമിയുടെ ശേഷിക്കുന്ന ഭാഗത്ത് രണ്ടാമത്തെ വ്യവസായ നഗരം പദ്ധതിക്കായി കേന്ദ്രത്തിന് കത്തും നൽകി. ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ) പ്രകാരം ഏക്കറിന് ഒരു കോടി രൂപ വരെ വ്യവസായ നഗരം പദ്ധതിക്ക് കേന്ദ്രസഹായം ലഭിക്കാൻ സാധ്യതയുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിന് പദ്ധതിച്ചെലവിന്റെ 25 ശതമാനം വരെ അധിക സഹായവും ലഭിച്ചേക്കും. എൽഡിഎഫ് സർക്കാരിനെ പൊതുമധ്യത്തിൽ അവഹേളിച്ച ശേഷം മുൻ സർക്കാർ വിഭാവനം ചെയ്ത പദ്ധതികൾക്ക് രഹസ്യമായി കൈയടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന വിമർശനവും ഇതോടെ ശക്തമായിട്ടുണ്ട്.
