Zygo-Ad

അഴീക്കോട് ചാല്‍ ബീച്ചിന് മൂന്നാം വര്‍ഷവും അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി

 


കണ്ണൂർ: അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നിലനിര്‍ത്തി അഴീക്കോട് ചാല്‍ ബീച്ച്. ലോകത്തിലെ ഏറ്റവും ശുചിത്വമുള്ളതും സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ ബീച്ചുകള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഡെന്മാര്‍ക്ക് ആസ്ഥാനമായി 51 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യുക്കേഷന്‍ (എഫ്ഇഇ) 2026-27 സീസണിലേക്കുള്ള ബ്ലൂ ഫ്‌ളാഗ് പദവി ചാല്‍ ബീച്ചിന് പുതുക്കി നല്‍കിയത്. ഇതോടെ സുസ്ഥിര വിനോദ സഞ്ചാര രംഗത്ത് ചാല്‍ ബീച്ച് വീണ്ടും ആഗോള ശ്രദ്ധ നേടി.

നെതര്‍ലാന്‍ഡ്സില്‍നിന്ന് എത്തിച്ച ബ്ലൂ ഫ്‌ളാഗ് പതാക ബ്ലൂ ഫ്‌ളാഗ് ഇന്ത്യ നാഷണല്‍ ഓപ്പറേറ്റര്‍ ഡോ. ശ്രീജി കുറുപ്പ്, കെ.വി. സുമേഷ് എംഎല്‍എ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. കടല്‍ത്തീരത്തിന്റെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടുള്ള സുസ്ഥിര വികസന മാതൃകയാണ് ചാല്‍ ബീച്ചിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. ബ്ലൂ ഫ്‌ളാഗ് മാനദണ്ഡങ്ങള്‍ പഠിക്കാനും മാതൃകയാക്കാനും കഴിയുന്ന ആഗോള പഠനകേന്ദ്രമായി ചാല്‍ ബീച്ചിനെ വികസിപ്പിക്കുകയാണ് ലക്ഷ്യം. നവംബര്‍ മുതല്‍ മെയ് വരെയാണ് ബീച്ചിലെ ഔദ്യോഗിക ബ്ലൂ ഫ്‌ളാഗ് സീസണ്‍.

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും (ഡിടിപിസി) ആസൂത്രണവും കൃത്യമായ പരിപാലനവുമാണ് തുടര്‍ച്ചയായി പദവി നിലനിര്‍ത്താന്‍ സഹായകമായത്. വന്‍കിട കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ ഒഴിവാക്കി താല്‍ക്കാലിക സംവിധാനങ്ങളിലൂടെ ബീച്ചിന്റെ സ്വാഭാവികത സംരക്ഷിക്കുന്ന കുറഞ്ഞ ചെലവിലുള്ള വികസന മാതൃകയാണ് ചാല്‍ ബീച്ചിന്റെ പ്രത്യേകതയെന്ന് ഡോ. ശ്രീജി കുറുപ്പ് പറഞ്ഞു.



Previous Post Next Post