എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സഖാവ് ആദിൽ, മലപ്പുറം ജില്ലാ പ്രസിഡന്റ് സഖാവ് സുജിൻ എന്നിവരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
അഴീക്കോടൻ മന്ദിരത്തിന്റെ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കാലിക്കറ്റ് സർവകലാശാലയിലെ സമ്പൂർണ്ണ പരാജയത്തിൽ വിറളി പൂണ്ട എം.എസ്.എഫ് സംഘം ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്.എഫ്.ഐ സംസ്ഥാന നേതാക്കളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്ന് ആരോപിച്ചു. ഫയർ എക്സ്റ്റിംഗുയിഷർ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ ജില്ലാ കമ്മിറ്റി ശക്തമായി അപലപിച്ചു.
പ്രതിഷേധ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. അലീഷ, ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി. ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സഖാവ് ജോയൽ തോമസ് സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് സഖാവ് ടി.പി. ആദർശ് അധ്യക്ഷനായി. സംസ്ഥാന നേതാക്കളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ യൂണിറ്റുകളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
