കണ്ണൂർ: കണ്ണൂർ ദസറ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ സർവീസ് നടത്തിയ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് വൻ വിജയം കൈവരിച്ചു. 11 ദിവസം നീണ്ടുനിന്ന സർവീസിലൂടെ 6,01,950 രൂപയുടെ വരുമാനമാണ് കെഎസ്ആർടിസി നേടിയത്. കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിച്ച ദസറ ആഘോഷത്തോടനുബന്ധിച്ച് ദീപാലംകൃതമായ നഗര കാഴ്ചകൾ കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഇരുനില ബസിനെ ആശ്രയിച്ചത്.
കൊച്ചിയിൽ നിന്നാണ് ഈ ഡബിൾ ഡെക്കർ ബസ് കണ്ണൂരിൽ എത്തിച്ചത്. ഒക്ടോബർ 12 മുതൽ 22 വരെയായിരുന്നു സർവീസ്. പ്രതിദിനം 20,000 രൂപ കളക്ഷൻ പ്രതീക്ഷിച്ച സ്ഥാനത്ത് ശരാശരി 60,000 രൂപയ്ക്ക് മുകളിലാണ് ദിവസേന ലഭിച്ചത്. ഒക്ടോബർ 21 ബുധനാഴ്ചയാണ് ഏറ്റവും ഉയർന്ന വരുമാനം (80,250 രൂപ) രേഖപ്പെടുത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കെഎസ്ആർടിസിക്ക് ടോക്കൺ സമ്പ്രദായവും ഏർപ്പെടുത്തേണ്ടി വന്നു.
താഴെ 28 സീറ്റുകളും മുകളിൽ 36 സീറ്റുകളുമായി 64 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ബസാണ് സർവീസ് നടത്തിയത്. തുറന്ന മുകൾത്തട്ടിലിരുന്ന് നഗരത്തിലെ ആകാശക്കാഴ്ചകൾ കാണാനാണ് യാത്രക്കാർ കൂടുതൽ താല്പര്യം കാണിച്ചത്. പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ സർവീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭാവിയിൽ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, പയ്യാമ്പലം, കണ്ണൂർ കോട്ട തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സ്ഥിരം സർവീസ് ആരംഭിച്ചാൽ മികച്ച വരുമാനം ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
