തളിപ്പറമ്പ്: സിപിഐ എം രാമന്തളി വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയനെ ബൈക്കിലെത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. രാമന്തളി വടക്കുമ്പാട് സ്വദേശികളായ ടി ഹനാൻ (35), മുഹമ്മദ് അബ്ദുള്ള (35), എം പി ഫൈസൽ എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്ത് ശിക്ഷിച്ചത്.
പിഴ അടയ്ക്കുകയാണെങ്കിൽ തുകയിൽ നിന്ന് ഒമ്പത് ലക്ഷം രൂപ ആക്രമണത്തിനിരയായ വിജയന് നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. സഹകരണ ബാങ്ക് ജീവനക്കാരനായ വിജയനെ 2015 സെപ്റ്റംബർ 17-നാണ് രാമന്തളിയിലെ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ പ്രതികൾ ആക്രമിച്ചത്.
കേളോത്ത് സിപിഐ എം - എസ്ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു വിജയന് നേരെയുണ്ടായ വധശ്രമം. സാരമായി പരിക്കേറ്റ വിജയൻ ഏറെനാൾ ചികിത്സയിലായിരുന്നു. കേസിന്റെ വിചാരണ പൂർത്തിയായത് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു രമേശൻ ഹാജരായി.
