പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് പ്രിൻസിപ്പലും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ പ്രൊഫ. ഡോ. അബ്‌ദുൽ ജലീൽ ഒതായി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി ചുമതലയേറ്റു. കഴിഞ്ഞ 26 വർഷമായി ദാറുൽ ഇർഷാദ് കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം, ദീർഘകാലം നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസറായും വകുപ്പ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ പ്രഭാഷകനും സാമുദായിക സാങ്കേതിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ ഇദ്ദേഹം ദാറുൽ ഇർഷാദ് കോളേജിന് നാക്കിന്റെ എ ഗ്രേഡ് നേടിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
സി.കെ.സി.ടി. മുൻ സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം നിലവിൽ മുസ്ലിം ലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗമാണ്. 2021-ൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് അറബിക് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി. ഇദ്ദേഹം എഡിറ്റ് ചെയ്ത "അൽ ഹുരിയ്യ" എന്ന അറബിക് കവിതാ സമാഹാരം സർവ്വകലാശാല ബി.എ. അഫ്സലുൽ ഉലമ സിലബസിന്റെ ഭാഗമാണ്. ദേശീയ, അന്തർദേശീയ ജേണലുകളിൽ 22 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല അറബിക് യു.ജി, പി.ജി പഠന ബോർഡ് അംഗമായും പാനൂർ പ്രസ് ഫോറം ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
:
