ഇരിക്കൂർ: ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ നൽകാതെ നിക്ഷേപകരെ വഞ്ചിച്ച സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 12 പേർക്കെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയുടെ (2) നിർദ്ദേശപ്രകാരമാണ് നടപടി.
കമ്പിൽ സ്വദേശി പി പി സമീർ നൽകിയ പരാതിയിലാണ് ആദ്യ കേസ്. സമീറും ഭാര്യയും ചേർന്ന് 2023 ഡിസംബർ 2 മുതൽ 2025 മാർച്ച് 28 വരെ നിക്ഷേപിച്ച 30.5 ലക്ഷം രൂപയുടെ പലിശയോ മുതലോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. കേസിൽ ബാങ്ക് സെക്രട്ടറി അജിത, മുൻ സെക്രട്ടറി മനീഷ്, ഭരണസമിതി അംഗങ്ങളായ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ മുഹമ്മദ്, പഞ്ചായത്ത് അംഗം കുഞ്ഞിമായിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു പി അബ്ദുറഹ്മാൻ, റൈഹാനത്ത്, മുനീറുദ്ദീൻ, വി ടി പദ്മനാഭൻ, സുകുമാരൻ, ബിന്ദു, സുപ്രിയ, കുട്ടാവ് ശാഖാ മാനേജർ നിധിൻ എന്നിവരെ പ്രതി ചേർത്തു.
ശ്രീകണ്ഠപുരം സ്വദേശി സി ഷബീർ നൽകിയ മറ്റൊരു പരാതിയിൽ 16 ലക്ഷം രൂപ തിരികെ നൽകാതെ തട്ടിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇതിൽ സെക്രട്ടറി അജിത, മുൻ സെക്രട്ടറി മനീഷ്, ജീവനക്കാരായ ഉമേഷ്, ഷംസീർ, നിധിൻ എന്നിവരാണ് പ്രതികൾ. അഡ്വ. എം പി മുഹമ്മദ് രിഫായി മുഖേനയാണ് നിക്ഷേപകർ കോടതിയെ സമീപിച്ചത്.
