കണ്ണൂർ: എഡിജിപിയും ജയില്‍ മേധാവിയുമായ എസ് ശ്രീജിത്തിന് എതിരായ പരാതിയില്‍ പിടിമുറുക്കി സംസ്ഥാന വിജിലൻസ് ഡയറക്ടറേറ്റ്.
പരാതിക്കാരനായ കണ്ണൂർ സ്വദേശി അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ ദിപിൻ ഇടവനയോട് മൊഴി രേഖപ്പെടുത്തുന്നതിനും തെളിവുകള്‍ കൈമാറുന്നതിനുമായി ജൂലൈ 6ന് തിരുവനന്തപുരത്തെ വിജിലൻസ് ഡയറക്ടറേറ്റില്‍ എത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരിക്കെ കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് എഡിജിപി എസ് ശ്രീജിത്തിന് എതിരായ നിരവധി പരാതികളില്‍ വിജിലൻസ് അന്വേഷണത്തിനായുള്ള ക്ലിയറൻസ് കൊടുക്കാതെ സെക്രട്ടറിയേറ്റില്‍ പിടിച്ച് വയ്ക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. അതിനാണിപ്പോള്‍ ഭരണമാറ്റം സംഭവിച്ചതോടെ മാറ്റം സംഭവിച്ചിരിക്കുന്നത്.
എസ് ശ്രീജിത്ത് ഐപിഎസ് ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ അഴിമതിയും വഴിവിട്ട ഇടപെടലുകളും നടന്നതായാണ് അദ്ദേഹത്തിന് കീഴില്‍ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായി പ്രവർത്തിച്ചിരുന്ന ദിപിൻ ഇടവന പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
ഉയർന്ന ആരോപണങ്ങളില്‍ ചിലതുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പിബി നൂഹ് തയ്യാറാക്കിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തി പരിശോധിക്കണമെന്നും ദിപിൻ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പം തന്നെ അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ എഡിജിപി ശ്രീജിത്ത് പങ്കെടുത്തതിലെ ചട്ട ലംഘനവും പ്രോട്ടോകോള്‍ ലംഘനവും ഉള്‍പ്പെടെ നിരവധി ഗുരുതര സ്വഭാവമുള്ള വിഷയങ്ങളും വിജിലൻസ് ഡയറക്ടർക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ ഹൈകോടതി ആവശ്യപ്പെട്ട അന്വേഷണം അട്ടിമറിക്കാൻ, അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹ പരാതിക്കാരനെയും എതിർ കക്ഷിയെയും ഉന്നത ഉദ്യോഗസ്ഥരെയും ഒരുമിച്ച് വിളിച്ചു വരുത്തി പ്രത്യേക ഹിയറിങ് നടത്തുന്ന അസാധാരണ സാഹചര്യം ഉണ്ടായിരുന്നെങ്കിലും, പരാതിക്കാരൻ ഹിയറിങ്ങില്‍ പങ്കെടുക്കാതെ അന്വേഷണം അട്ടിമറിക്കാനുള്ള ആഭ്യന്തര സെക്രട്ടറിയുടെ നീക്കത്തിന് എതിരെ മറ്റൊരു പരാതി വിജിലൻസ് ഡയറക്ടർക്കും ചീഫ് സെക്രട്ടറിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും നല്‍കുകയാണ് ഉണ്ടായത്.
എന്നാല്‍, ഈ പരാതി നിലനില്‍ക്കെ തന്നെ, അന്നത്തെ രാഷ്ട്രീയ താല്പര്യത്തിന് വഴങ്ങി സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും എഡിജിപി ശ്രീജിത്തിന് അനുകൂലമായ റിപ്പോർട്ട് വാങ്ങി അദ്ദേഹത്തെ രക്ഷപ്പെടുത്താനാണ് ബിശ്വനാഥ് സിൻഹ ശ്രമിച്ചിരുന്നത്.
ഈ റിപ്പോർട്ടിനെ ഹൈകോടതിയില്‍ ചോദ്യം ചെയ്യാനാണ് പരാതിക്കാരൻ്റെ തീരുമാനം. ബിശ്വനാഥ് സിൻഹ ഇപ്പോള്‍ പുതിയ ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തിരിക്കുകയാണ്. മിൻഹാജ് അലം ആണ് പുതിയ ആഭ്യന്തര സെക്രട്ടറി.
എഡിജിപി എസ് ശ്രീജിത്തിനും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് എതിരെ ഹൈക്കോടതിയില്‍ പുതിയ ഹർജി ഫയല്‍ ചെയ്യാനിരിക്കെയാണ് വിജിലൻസ് ഡയറക്ടറേറ്റ് പെട്ടന്ന് തന്നെ നടപടിയിലേക്ക് കടന്നിരിക്കുന്നത്.
തനിക്ക് വിജിലൻസ് ഡയറക്‌ട്രേറ്റില്‍ നിന്നും ലഭിച്ച കത്തിൻ്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് മൊഴിയും തെളിവുകളും നല്‍കുമെങ്കിലും ബിശ്വനാഥ് സിൻഹ ഉള്‍പ്പെടെയുള്ളവർക്ക് എതിരായ നിയമ നടപടിയില്‍ നിന്നും പിന്നോട്ട് പോകുന്ന പ്രശ്‌നമേ ഇല്ലന്ന നിലപാടിലാണ് പരാതിക്കാരൻ.
അടുത്ത ദിവസം തന്നെ ഇതു സംബന്ധമായ ഹർജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്നാണ് ദീപിൻ ഇടവനയുടെ അഭിഭാഷകനും അറിയിച്ചിരിക്കുന്നത്.
പൊലീസ് ആസ്ഥാനത്തെ എഡിജിപിയും സൈബർ ഓപ്പറേഷൻ മേധാവിയുമായിരുന്ന ശ്രീജിത്തിനെ ഭരണമാറ്റത്തെ തുടർന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെട്ട് പൊലീസ് വകുപ്പില്‍ നിന്നും ജയില്‍ വകുപ്പിലേക്കാണ് ഇപ്പോള്‍ മാറ്റി നിയമിച്ചിരിക്കുന്നത്.
