Zygo-Ad

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് സ്നേഹിതാ പോക്കറ്റ് കാർഡ്; പ്രകാശനം സിറ്റി പൊലീസ് കമ്മീഷണർ നിർവഹിച്ചു

 


കണ്ണൂർ: അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് സഹായം ലഭ്യമാക്കുന്നതിനും സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ സേവനങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി പ്രത്യേക പോക്കറ്റ് കാർഡുകൾ തയ്യാറാക്കി. സ്നേഹിതാ സേവനങ്ങൾ, സ്ത്രീ-ശിശു സുരക്ഷാ ഹെൽപ്‌ലൈൻ നമ്പറുകൾ, പ്രധാന എമർജൻസി നമ്പറുകൾ എന്നിവ ഉൾപ്പെടുത്തിയ പോക്കറ്റ് കാർഡിന്റെ ജില്ലാതല പ്രകാശനം കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി. വി. വിജയ ഭാരത് റെഡ്ഡി ഐ.പി.എസ് നിർവഹിച്ചു.

വിദ്യാർത്ഥികൾക്ക് ഏത് അടിയന്തര ഘട്ടത്തിലും സഹായം തേടാൻ ആവശ്യമായ വിവരങ്ങൾ കൈവശം സൂക്ഷിക്കാനാകുന്ന വിധത്തിലാണ് കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മോഡൽ ജെൻഡർ റിസോഴ്സ് സെന്റർ പരിധിയിലെ സ്കൂളുകളിലെ ജെൻഡർ ക്ലബ് അംഗങ്ങൾക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) വിദ്യാർത്ഥികൾക്കുമാണ് കാർഡുകൾ വിതരണം ചെയ്യുന്നത്. തുടർന്ന് ജില്ലയിലെ മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ചടങ്ങിൽ സ്റ്റുഡന്റ് പൊലീസ് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ കെ. രാജേഷ്, ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ വിജേഷ് സി., അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അമർജ്യോത് എം., ജെൻഡർ ഡി.പി.എം ഇൻ-ചാർജ് സന്ധ്യ പി. വി., സ്നേഹിതാ സ്റ്റാഫ് ബിബിത കെ. എന്നിവർ പങ്കെടുത്തു.


Previous Post Next Post