കണ്ണൂർ: ഇരിക്കൂറില്‍ രണ്ടാം ക്ലാസുകാരനെ മർദിച്ച കേസില്‍ പട്ടാന്നൂർ സ്‌കൂള്‍ അധ്യാപകൻ വിപിനെ സസ്‌പെൻഡ് ചെയ്തു; വിപിനെതിരെ കുട്ടിയുടെ മാതാവ് പൊലീസിന് പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ മട്ടന്നൂർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പട്ടാന്നൂർ യുപി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്.
ഈ മാസം 16 നാണ് സംഭവം. ബോർഡില്‍ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് കുട്ടിയുടെ മുതുക് ഭാഗത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
പുറംവേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ബുധനാഴ്ചയാണ് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്.
