കണ്ണൂർ: രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഡല്‍ഹി പോലീസ് നടത്തുന്ന അതിക്രമങ്ങളിലും, രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തടഞ്ഞു.
രാജ്യതലസ്ഥാനത്തും രാജ്യമെമ്പാടും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തിലാണ് കെ എസ് യു കണ്ണൂരിലും ശക്തമായ സമരവുമായി രംഗത്തിറങ്ങിയത്.
പ്രതിഷേധ സമരം കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പരമായ പ്രതിഷേധങ്ങളെ പോലും പോലീസിനെ ഉപയോഗിച്ച് നിഷ്ഠൂരമായി അടിച്ചമർത്താനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെങ്കില്‍, നരേന്ദ്ര മോദി സർക്കാർ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്.
ചോദ്യപേപ്പർ ചോർച്ചയിലൂടെ നീറ്റ് പരീക്ഷ അട്ടിമറിച്ച് വിദ്യാർത്ഥികളുടെ ഭാവി വഞ്ചിച്ച കേന്ദ്ര സർക്കാരിനും, അതിനെതിരേ ശബ്ദമുയർത്തുന്ന പ്രതിപക്ഷ നേതാക്കള്‍ക്കു നേരെ പോലീസ് ഭീകരത അഴിച്ചു വിടുന്ന ഏകാധിപത്യ നിലപാടിനുമെതിരേ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും എം.സി. അതുല്‍ പറഞ്ഞു.
റെയില്‍വേ ട്രാക്കില്‍ ഇറങ്ങി ട്രെയിനിന് മുന്നില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകരെ റെയില്‍വേ പോലീസും ലോക്കല്‍ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു നീക്കി.
സമരത്തിന് ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ, ജില്ലാ സെക്രട്ടറി സൂരജ് പരിയാരം, സി.എച്ച്. മുബാസ്, അർജുൻ ചാലാട്, പ്രകീർത്ത് മുണ്ടേരി, എ.എം. സൂര്യതേജ്, വൈഷ്ണവ് മലപ്പിലായി, ഗോകുല്‍ രാജ്, ആദിത്യൻ, സിനാൻ സലീം എന്നിവർ നേതൃത്വം നല്‍കി.
