കണ്ണൂർ: കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'അമൃതം കർക്കിടകം' ആരോഗ്യ ഭക്ഷ്യമേള കളക്ട്രേറ്റ് ആംഫി തീയറ്റർ പരിസരത്ത് ആരംഭിച്ചു. ജില്ലാ കളക്ടർ പി. വിഷ്ണു രാജ് മേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസിസ്റ്റൻ്റ് കളക്ടർ എസ് സ്വാതി, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ എം വി ജയൻ, അസിസ്റ്റൻ്റ് കോർഡിനേറ്റർ കെ രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.
പരമ്പരാഗത ശൈലിയിലുള്ള വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള ആഗസ്റ്റ് നാല് വരെ കളക്ടറേറ്റ് പരിസരത്ത് തുടരും. വിവിധ കുടുംബശ്രീ സംരംഭക യൂണിറ്റുകൾ ഒരുക്കുന്ന ആരോഗ്യപ്രദമായ കർക്കിടകക്കഞ്ഞി, ഔഷധച്ചമ്മന്തികൾ, ആയുർവേദ ഉൽപ്പന്നങ്ങൾ, നാട്ടുവൈദ്യ വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയുമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകളുടെ ശാക്തകരണവും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്
